
കൊല്ലം: കൊല്ലത്ത് മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേർ പൊലീസിന്റെ പിടിയിൽ. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലുള്ളവരാണ് അറസ്റ്റിലായത്. കരിക്കോട്, ലോഡ്ജിൽ മുറിയെടുത്തായിരുന്നു ഇവരുടെ കച്ചവടം. കിളികൊല്ലൂര്‍ സ്വദേശി അഭിനാഷ്, പുന്തലത്താഴം സ്വദേശി അഖില്‍, പേരൂര്‍ സ്വദേശി അജു , ഭാര്യ ബിന്‍ഷ എന്നിവരെയാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തുള്ള ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്നും 19 ഗ്രാം എംഡിഎംഎയും 30 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പോലീസും കൊല്ലം സിറ്റി ഡാൻസാഫ് ടീമും സംയുക്തമായാണ് ലോഡ്ജിൽ പരിശോധന നടത്തിയത്. ലോഡ്ജിന്റെ തൊട്ടടുത്ത് പ്രൊഫഷണൽ, ആർട്സ് കോളജുകളും സ്‌കൂളുകളുണ്ട്. ഇവിടെ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് പരാതി ഉയര്‍ന്നിരുന്നു.
രണ്ട് മാസമായി ഇവർ ഷാപ്പ് മുക്കിലെ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് കച്ചവടം ചെയ്ത് വരികയായിരുന്നു. എം.ഡി.എം.എക്ക് ഗ്രാമിന് 1500 രൂപ മുതൽ 2000 രൂപ വരെയാണ് ഇവർ വാങ്ങിയിരുന്നത്. ഗൂഗിൾ പേ വഴിയായിരുന്നു പണമിടപാടുകൾ. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ ഇവരുടെ അക്കൗണ്ടിലേക്കെത്തിയത്. പ്രതികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് ബാലൻസുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Read More : ആയുധവുമായെത്തി കോളേജ് വിദ്യാര്‍ത്ഥിയെ വെട്ടിക്കൊല്ലാന്‍ ശ്രമം; സംഭവം തലസ്ഥാനത്ത്, മൂന്ന് പേര്‍ പിടിയില്‍
കൊല്ലം ജില്ലയില്‍ മയക്കുമരുന്ന് ഉപയോഗം കൂടി വരികയാണെന്ന് പൊലീസ് പറയുന്നു. ജില്ലയിലെ മയക്കുമരുന്ന് സംഘത്തെ പിടികൂടാനായി വ്യാപക പരിശോധനയ്ക്കൊരുങ്ങുകയാണ് പൊലീസ്. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയവര്‍ പൊലീസുകാരനെ ആക്രമിച്ചിരുന്നു. കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനുള്ളിൽ കയറിയാണ് രണ്ടംഗ സംഘം ആക്രമണം നടത്തിയത്. അക്രമി സംഘം സ്റ്റേഷനിലുണ്ടായിരുന്ന എ എസ് ഐയുടെ തല ഇടിച്ചുപൊട്ടിച്ചു. മെഡിക്കൽ ലീവിലുള്ള പട്ടാളക്കാരനും സഹോദരനും ചേർന്നാണ് ആക്രമണം നടത്തിയത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മയക്കുമരുന്ന് കേസുകളും അതിക്രമങ്ങളും വര്‍ധിച്ച പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്.