
കണ്ണൂര്‍: മദ്യലഹരിയില്‍ ഏഴുമാസം ഗഭിണിയായ യുവതിയെ(Pregnant woman) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച(Murder attempt) ഭർത്താവിനെ(husband) പൊലീസ് അറസ്റ്റ് (arrest) ചെയ്തു. കണ്ണൂര്‍ സ്വദേശിയായ ഷൈജേഷ് ആണ് ചക്കരക്കല്‍ പൊലീസിന്‍റെ പിടിയിലായത്. പനയത്താം പറമ്പ് സ്വദേശി പ്രമ്യയെ വ്യാഴാഴ്ച വൈകിട്ടാണ് ഷൈജേഷ് കൊലപ്പെടുത്താൻ ശ്രമിച്ചത്. വാക്കു തര്‍ക്കത്തിനിടെയാണ് ആക്രമണം.
മദ്യപിച്ചെത്തിയ ഷൈജേഷ് ഭാര്യയുമായി വഴക്കിട്ടു. തുടര്‍ന്ന് അരയില്‍ ഒളിപ്പിച്ചിരുന്ന കത്തികൊണ്ട് കഴുത്തിന് വെട്ടിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് പ്രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രമ്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കൊലപാതക ശ്രമത്തിന് ശേഷം മുങ്ങിയ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. വെള്ളിയാഴ്ച അതിരാവിലെ കൊയിലാണ്ടി ബസ്സ്റ്റാന്‍ഡില്‍വെച്ച് പൊലീസ് ഷൈജേഷിനെ പിടികൂടി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസിന് പിടികൂടാനായത്. തുടര്‍ന്ന് ഇയാളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.