
തൃശൂർ: തലോർ വടക്കുമുറിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. തലോർ പൊറത്തൂർ വീട്ടിൽ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ആയിരുന്നു സംഭവം. വീടിനകത്തു വെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളിൽ പോയി തൂങ്ങി മരിക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ലിഞ്ചുവിൻ്റെ കരച്ചിൽ കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. പിന്നീട് നാട്ടുകാർ പുതുക്കാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് എത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചു വെട്ടേറ്റ് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. കഴുത്തിലും ശരീരത്തിൻ്റെ പല ഭാഗത്തും വെട്ടുകത്തി കൊണ്ട് വെട്ടേറ്റ നിലയിലായിരുന്നു ലിഞ്ചു. സംഭവ ശേഷം ജോജു വീടിന് മുകളിൽ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു. ഒന്നര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
ജോജുവിൻ്റെ രണ്ടാം വിവാഹവും ലിഞ്ചുവിന്റെ മൂന്നാം വിവാഹമായിരുന്നു. ആദ്യത്തെ വിവാഹത്തിൽ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. ഇവർ ഇവരോടൊപ്പമാണ് താമസിക്കുന്നത്. മക്കൾ സ്കൂളിൽ പോയ സമയത്താണ് കൊലപാതകം നടന്നത്. കുറച്ചു നാളുകളായി ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ജോജുവിനെ മുമ്പ് 65 ലക്ഷം ലോട്ടറി അടിച്ചതായും നാട്ടുകാർ പറയുന്നു. ചാലക്കുടി ഡിവൈഎസ്പി മനോജിൻ്റെ നേതൃത്വത്തിൽ പുതുക്കാട് പൊലീസ് സ്ഥലത്തെത്തി. ബുധനാഴ്ച ഇൻക്വസ്റ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam