ഭാര്യയെ വെട്ടിക്കൊന്ന കേസ്; ഭര്‍ത്താവിന് ജീവപര്യന്തം

By Web TeamFirst Published Nov 9, 2019, 11:54 PM IST
Highlights

2012 ഒക്ടൊബർ 17ന് ഉച്ചയ്ക്കാണ് പുന്നപ്രയെ നടുക്കിയെ കൊലപാതകം അരങ്ങേറിയത്. 

ആലപ്പുഴ: മദ്യപിക്കാൻ പണം നൽകാത്തതിന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പുന്നപ്ര സ്വദേശി ബൈജുവിന് ജീവപര്യന്തവും പിഴയും ശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.  2012 ഒക്ടൊബർ 17ന് ഉച്ചയ്ക്കാണ് പുന്നപ്രയെ നടുക്കിയെ കൊലപാതകം അരങ്ങേറിയത്. മദ്യപിക്കാൻ ഭാര്യ മിനിയോട് ബൈജു പണം ആവശ്യപ്പെട്ടു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മിനി പണം നൽകാൻ തയ്യാറായില്ല. ഇതോടെ ബൈജു പ്രകോപിതനായി. കൈക്കോടാലി വച്ച് മിനിയെ തലങ്ങും വിലങ്ങും വെട്ടി. മിനിയുടെ കരച്ചിൽ കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ ബൈജു ഓടി രക്ഷപ്പെടുകയായിരുന്നു. 

ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടേയും മറ്റ് സാക്ഷിമൊഴികളുടേയും തൊണ്ടിമുതലിന്‍റേയും അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞത്. പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന്  21 സാക്ഷികളെയാണ് വിസ്തരിച്ചത്. ആലപ്പുഴ സൗത്ത് എസ്ഐ ആയിരുന്ന ഷാജിമോൻ ജോസഫിന്‍റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. പിഴയായി പ്രതി ബൈജു രണ്ട് ലക്ഷം രൂപ മക്കൾക്ക് നൽകണം. പിഴ നൽകിയില്ലെങ്കിൽ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

click me!