
കോഴിക്കോട്: പെരിങ്ങൊളം റംല കൊലക്കേസിൽ ശിക്ഷാ വിധി നാളെ. മാറാട‌് സ‌്പെഷ്യൽ അഡീഷണൽ സെഷൻസ‌് കോടതിയാണ് വിധി പറയുക. റംലയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് നാസർ പ്രതിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2017 സെപ്‍റ്റംബര്‍ ഒന്നിനാണ് കേസിനാസ്‍പദമായ സംഭവം നടന്നത്.
പെരിങ്ങൊളം തടമ്പാട്ടുതാഴത്തെ വാടക വീട്ടിലായിരുന്നു റംലയും ഭർത്താവ് നാസറും താമസം. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റംലയുമായി നാസർ വഴക്കിടകുയായിരുന്നു. പണവും റംലയുടെ ഫോണും ആവശ്യപ്പെട്ടായിരുന്നു വഴക്ക്. കൊടുവാള്‍കൊണ്ട് തലയ്ക്കും കത്തികൊണ്ട് വയറിനും വെട്ടേറ്റ റംല ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസിൽ ഇവർ താമസിച്ചിരുന്ന വീടിന്‍റെ ഉടമയുടെ മൊഴിയാണ് നിർണ്ണായകമായത്.
കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന റംലയെയും കത്തിയുമായി നിൽക്കുന്ന നാസറിനെയും കണ്ടെന്നായിരുന്നു മൊഴി. 35 രേഖകളും 22 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ നാസർ കുറ്റക്കാരനാണെന്ന‌് കോടതി കണ്ടെത്തി. കേസിൽ നാളെ വിധി പറയും. കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയെ വീഡിയോ കോളിലൂടെ ഹാജരാക്കിയാണ് വിധി പറയുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam