ഒരാൾ വടികൊണ്ട് അഞ്ചടിയിലേറെ നീളമുള്ള മുതലയെ തല്ലുമ്പോൾ രണ്ടാമൻ ടോർച്ച് അടിച്ച് കൊടുക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്
വഡോദര: രാത്രിയിൽ മുതലയെ തല്ലിക്കൊന്ന് കുളത്തിലിട്ട യുവാക്കൾക്കെതിരെ കേസ് എടുത്ത് വനം വകുപ്പ്. ഗുജറാത്തിലെ വഡോദരയിലെ കർജാൻ താലൂക്കിലെ ഛോർഭുജിലാണ് സംഭവം. വടി കൊണ്ട് മുതലയെ തല്ലിക്കൊല്ലുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രാമത്തിലെത്തിയ മുതലയെ ബിപിൻ നായക്, വിത്തൽ നായക് എന്നീ രണ്ട് യുവാക്കളാണ് അതിക്രൂരമായി തല്ലിക്കൊന്നത്. ഒരാൾ വടികൊണ്ട് അഞ്ചടിയിലേറെ നീളമുള്ള മുതലയെ തല്ലുമ്പോൾ രണ്ടാമൻ ടോർച്ച് അടിച്ച് കൊടുക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. വീഡിയോ വൈറലായതിന് പിന്നാലെയാണ് വനംവകുപ്പ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. ഛോർഭുജ് ഗ്രാമത്തിന് സമീപത്തെ കുളത്തിൽ നിന്നാണ് മുതല ഗ്രാമത്തിലേക്ക് എത്തിയത്. രാത്രിയിൽ പുറത്തിറങ്ങിയ ആളുകൾ മുതലയെ ആക്രമിക്കുകയായിരുന്നു. തല്ലിക്കൊന്ന ശേഷം ഇവർ മുതലയെ ഇതേ കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ജനുവരി 17നാണ് ഇവ മുതലയെ കൊലപ്പെടുത്തിയത്. ഇവരെ വെള്ളിയാഴ്ച കർജനിലെ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ജനുവരി 21ഓടെയാണ് സംഭവത്തിന്റെ വീഡിയോ വൈറലായത്. അഞ്ച് വയസോളം പ്രായമുള്ള മുതലയാണ് യുവാക്കളുടെ ആക്രമണത്തിൽ ചത്തത്. സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മറ്റൊരു മുതലയെ ഗ്രാമത്തിൽ നിന്ന് വനംവകുപ്പ് പിടികൂടിയിരുന്നു.
മുതലയുടെ മൃതദേഹം വനംവകുപ്പ് കുളത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. ഷെഡ്യൂൾ 1 ൽ ഉൾപ്പെടുന്ന ജീവിയാണ് മുതല എന്നിരിക്കെയാണ് ക്രൂരമായ ആക്രമണം. കുറ്റ കൃത്യം തെളിഞ്ഞാൽ യുവാക്കൾക്ക് മൂന്ന് മുതൽ 7 വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ജാമ്യമില്ലാത്ത കുറ്റമാണ് ഷെഡ്യൂൾ 1ൽ ഉൾപ്പെടുന്ന ജീവികളെ കൊലപ്പെടുത്തുന്നത്. 1960ലെ കണക്കുകളുടെ അടിസ്ഥാനത്തിൽ വിശ്വാമിത്രി നദിയിൽ 50 മുതലകളായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ ഇത് 400 മുതലകളാണ്. വഡോദരയിൽ 1000ത്തോളം മുതലകളാണ് ഡേവ്, ദാദർ, നർമ്മദ നദികളിലായി ഉള്ളത്. നദികളിലും തടാകങ്ങളിലുമാണ് സാധാരണയായി മുതലകളുടെ ആവാസ കേന്ദ്രം. മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ബന്ധുക്കൾക്ക് സർക്കാർ 4 ലക്ഷം രൂപയാണ് സഹായധനം നൽകുന്നത്.


