
തെലങ്കാന: ബെംഗളൂരുവിലെ കുമ്പളഗോഡിൽ ഭാര്യയെ കൊലപ്പെടുത്തി ബിഹാറിലേക്ക് കടന്ന ഭർത്താവിനെ സാഹസികമായി പിടികൂടി പൊലീസ്. നക്സൽ ബാധിത മേഖലയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ബിഹാർ പൊലീസിന്റെ സഹായത്തോടെയാണ് കർണാടക പൊലീസ് പിടികൂടി നാട്ടിലെത്തിച്ചത്. റീൽസ് ചിത്രീകരണത്തെച്ചൊല്ലിയുള്ള തർക്കവും ദാമ്പത്യജീവിതത്തിലെ അഭിപ്രായവ്യത്യാസങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരു കുമ്പളഗോഡിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഭർത്താവ്, ഇരുപത്തിനാലുകാരനായ ധീരജ് കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25-ന് ഗേരുപാള്യയിലെ വാടക വീട്ടിനകത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബെഡ് ഷീറ്റിൽ പൊതിഞ്ഞ് ഇയാൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ബിഹാറിലേക്കാണ് കടന്നതെന്ന് ബോധ്യപ്പെട്ടതോടെ കർണാടക പൊലീസ് പിന്തുടർന്നെത്തി. ഇതോടെ ഇയാൾ നക്സൽബാധിത മേഖലയായ കോഥിയയിലേക്ക് മാറി. തുടർന്ന് ബിഹാർ പൊലീസിന്റെ സഹായത്തോടെ സായുധരായി എത്തിയാണ് കർണാടക പൊലീസ് പ്രതിയെ കീഴടക്കിയത്.
അറസ്റ്റിലായ ധീരജിനെ ബെംഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും പത്ത് മാസം മുമ്പാണ് ബിഹാറിൽ നിന്ന് ബെംഗളൂരുവിൽ എത്തിയത് എന്ന് പൊലീസ് പറഞ്ഞു. റീമാകുമാരി റീൽസ് കാണാനും ചിത്രീകരിക്കാനും കൂടുതൽ സമയം നീക്കിവയ്ക്കുന്നതിനെ ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നു. ഇതിനൊപ്പം ദാമ്പത്യ പ്രശ്നങ്ങളും വഷളായതോടെ രൂക്ഷമായ വാക്കേറ്റം ഉണ്ടാകുകയും ഇതിനൊടുവിൽ ധീരജ് കുമാർ റീമാകുമാരിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബിഹാറിലേക്ക് മടങ്ങിപ്പോകണമെന്നായിരുന്നു റീമയുടെ നിലപാട്. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ദുർഗന്ധം വമിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ കുമ്പളഗോഡ് പൊലീസ് അന്വേഷണം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam