ഈ സംഭവത്തിൽ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തെങ്കിലും അവർക്കെതിരെ ഇതുവരെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കൂടാതെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്നും ആരോപണമുണ്ട്. ഇതിനാൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് യുവാവിന്റെ കുടുംബം.
പുതുക്കാട്: തൃശൂർ പുതുക്കാട് യുവാക്കളെ പൊലീസ് ജീപ്പിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പൊലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് പരിക്കേറ്റ യുവാവിന്‍റെ അമ്മ പ്രസന്ന. മകനെയും സുഹൃത്തുക്കളെയും ജീപ്പിടിച്ചശേഷം അക്കാര്യം പൊലീസുകാര്‍ സംസാരിക്കുന്ന ഓഡിയോ സന്ദേശവും ഇവര്‍ പുറത്തുവിട്ടു. സംഭവത്തില്‍ നാലു പൊലീസുകാരെ സസ്പന്‍റ് ചെയ്തെങ്കിലും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നില്ല. കഴിഞ്ഞ ജൂലൈ പത്തൊമ്പതിന് ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ മൂന്നു യുവാക്കളെ ജീപ്പിടിപ്പിച്ച ശേഷം മടങ്ങും വഴി പുതുക്കാട് പൊലീസുകാര്‍ ജീപ്പിലിരുന്ന് നടത്തിയ സംഭാഷണമാണ് പുറത്ത് വന്നത്. ഈ സംഭാഷണം പുറത്തുവന്നിട്ടും പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ വരന്തരപ്പള്ളി പൊലീസ് തയാറാകുന്നില്ല എന്നാണ് പൊലീസ് അതിക്രമത്തിന് ഇരയായ അമലിന്‍റെ അമ്മ പ്രസന്ന പറയുന്നത്.

ജൂലൈ പത്തൊമ്പതിന് രാത്രി പത്തേമുക്കാലോടെ പുതുക്കാട് സെന്‍ററിലാണ് സംഭവങ്ങളുടെ തുടക്കം. ഭക്ഷണം കഴിക്കാനായി തട്ടുകടയിലെത്തിയതായിരുന്നു അമല്‍, വിഷ്ണു, അഭിഷേക് എന്നീ ചെറുപ്പക്കാര്‍. തട്ടുകടയിലുണ്ടായിരുന്ന മറ്റൊരു സംഘവുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പൊലീസ് അവിടേക്ക് എത്തി. അപ്പോഴേക്കും ഇവര്‍ വീടുകളിലേക്ക് പോയിരുന്നു. രാത്രി ഇവരെ അന്വേഷിച്ച് പൊലീസ് വീടുകളിലെത്തിയെങ്കിലും കുട്ടികള്‍ പുറത്തുപോയിരുന്നു. വീടിനുള്ളില്‍ കടന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ചാര്‍ജിന് ഇട്ടിരുന്ന അമലിന്‍റെ ഫോണ്‍ പൊലീസിന് കിട്ടി. അത് പോക്കലിട്ട് പോകും വഴി അറിയാതെ റെക്കോഡായതാണ് പൊലീസുകാരുടെ ഇപ്പോള്‍ പുറത്തുവന്ന സംഭാഷണം.
വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ പൊലീസ് തൊട്ടടുത്ത പുഴയോരത്ത് കുട്ടികളുടെ ബൈക്കുകള്‍ കണ്ടെത്തിയിരുന്നു. പൊലീസ് ബൈക്കുകൾ എടുത്ത് തോട്ടിലിട്ടു. പിന്നാലെ കുട്ടികള്‍ക്കായി അടുത്തു തന്നെ വാഹനം മാറ്റിയിട്ട് കാത്തിരുന്നു. കുട്ടികളെത്തി ബൈക്കെടുത്ത് പോകും വഴിയാണ് ജീപ്പിടിപ്പിച്ചതെന്നാണ് മാതാവ് പ്രസന്ന ആരോപിക്കുന്നത്. സഭവത്തില്‍ എസ്ഐ മഹേഷ്, സിപിഒമാരായ എം.യു.ഫൈസല്‍, ഇ.ഡി.യദുകൃഷ്ണന്‍, പി.ഡി. നവീന്‍കുമാര്‍ എന്നിവരെ സസ്പന്‍റ് ചെയ്തിരുന്നു. കുട്ടികളെ പൊലീസ് ജീപ്പിടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇടപെട്ട് നശിപ്പിച്ചെന്നും ആരോപണമുണ്ട്. പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് കുടുംബം


