
ഛണ്ഡിഘട്ട്: ഹരിയാനയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം കിടക്കയ്ക്കുള്ളിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനായി തെരച്ചില്‍ ഊർജ്ജിതമാക്കി പൊലീസ്. ബഹദുർഘട്ട് സ്വദേശിയായ രജ്വീനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സോനിപത്തിലെ ചൗഹാർജോഷി സ്വദേശിയായ ലളിത എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചുവർഷമായി ഇയാളും ഭാര്യയും പിരിഞ്ഞ് താമസിക്കുകയായിരുന്നു.
മകന്റെ പിറന്നാൾ ആഘോഷിക്കാനെത്തിയ ലളിതയെ ബന്ധുവീട്ടിൽവച്ചാണ് രജ്വീർ കഴുത്തുഞ്ഞെരിച്ച് കൊന്നത്. നവംബർ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകൻ നിഷാന്തിന്റെ പിറന്നാൾ ആഘോഷിക്കാൻ രജ്വീറിന്റെ ബന്ധുവീട്ടിലെത്തിയതായിരുന്നു ലളിത. പിറന്നാൾ ആഘോഷിക്കാനെത്തുന്ന ലളിതയെ കൊല്ലാൻ രജ്വീർ നേരത്തെ പദ്ധതിയിട്ടിരുന്നു. പിറന്നാൾ ആഘോഷത്തിനിടെ മകനെയും മകളെയും ബന്ധുവീട്ടിലേക്ക് അയച്ചതിന് ശേഷമാണ് ലളിതയെ രജ്വീർ അതിദാരുണമായി കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കിടകയ്ക്കുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് അടച്ചിട്ട വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന വിവരം അയൽക്കാർ പൊലീസിൽ അറിയിച്ചത്. തുടർന്ന് ഫോറൻസിക് സംഘവും പൊലീസും നടത്തിയ പരിശോധനയിൽ കിടക്കയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ യുവതിയുടെ പാതി ജീർണ്ണിച്ച മൃതദേഹം കണ്ടെടുക്കുകയായിരുന്നു. യുവതിയുടെ ശരീരത്തിൽനിന്ന് ബലപ്രയോഗം നടന്ന പാടുകളും കഴുത്തുഞ്ഞെരിച്ച പാടുകളും ഫോറൻസിക് വിദഗ്ദർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമെ കൊലപാതകവുമായി ബന്ധപ്പെട്ട വിശദമായി വിവരങ്ങൾ ലഭിക്കുകയുമള്ളുവെന്ന് പൊലീസ് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച പോസ്റ്റുമോർട്ടം നടത്താൻ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
കൊല്ലപ്പെട്ട ലളിതയുടെ സഹോദരൻ അക്ഷയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് രജ്വീറിനെതിരെ പൊലീസ് കേസെടുത്തത്. ഭർത്താവിന്റെ പീഡനം സഹിക്കാനാകാതെ ആയപ്പോഴാണ് ഭർതൃവീട്ടിൽനിന്ന് ലളിത ഗുരുഗ്രമിലേക്ക് താമസം മാറിയത്. കഴിഞ്ഞ അഞ്ചുവർഷമായി ലളിത ഗുരുഗ്രാമിലുള്ള വീട്ടിലാണ് താമസിക്കുന്നതെന്ന് അക്ഷയ് പരാതിയിൽ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam