
ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ (Hyderabad Minor Girl) ബെൻസ് കാറിൽ കൂട്ട ബലാത്സംഗം (Gand Raped) ചെയ്ത സംഭവത്തില്‍ പബ്ബില്‍ പരിശോധന നടത്തി പൊലീസ്. അംനേഷ്യ ആന്‍ഡ് ഇന്‍സോമാനിയ എന്ന പബ്ബിലാണ് പരിശോധന നടന്നത്. പെണ്‍കുട്ടിയെ പ്രതികള്‍ പരിചയപ്പെട്ടത് ഈ പബ്ബില്‍ വച്ചാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നൽകിയതിലും അന്വേഷണം നടക്കുന്നുണ്ട്. പബ്ബ് മാനേജറെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അതേസമയം, സംഭവത്തിൽ ടിആർഎസിനെതിരെ കടുത്ത വിമർശനമാണ് ബിജെപി ഉയർത്തുന്നത്.
ജൂബിലി ഹിൽസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് നടത്തുകയാണ്. 2019ൽ പീഡനക്കേസ് പ്രതികളെ ഏറ്റുമുട്ടലിലൂടെ തെലങ്കാന പൊലീസ് വധിച്ചു. ഇപ്പൊൾ ഭരണത്തിൽ പങ്കുള്ളവരുടെ മക്കൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചപ്പോൾ ടിആർഎസ് നേതാക്കളിൽനിന്നും ധർമ പ്രഭാഷണങ്ങൾ മാത്രമാണ് കേൾക്കുന്നതെന്ന് അമിത് മാളവ്യ തുറന്നടിച്ചു. രാജ്യത്തെ ആകെ നടുക്കിയ കേസിൽ രണ്ട് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഹൈദരാബാദ് സ്വദേശി ഷാദുദ്ദിൻ മാലിക്കാണ് പിടിയിലായ ഒരാൾ. പ്ലസ് ടു വിദ്യാർത്ഥിയായ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെയും കൂടെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ക്രൂര കൃത്യം നടന്ന ബെൻസ് കാറിന്റെ രജിസ്ട്രേഷൻ ടിആർഎസ് നേതാവിന്റെ പേരിലാണ്. സംഭവത്തില്‍ ഉന്നതരിലേക്ക് അന്വേഷണം നീളുന്നതായി ഇന്നലെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ മാസം 28ന് രാത്രി സുഹൃത്തുക്കളുമൊത്ത് പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ പെണ്‍കുട്ടി ഒറ്റയ്ക്കായ തക്കം നോക്കി ബെന്‍സ് കാറില്‍ എത്തിയ അഞ്ചംഗ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കാറിൽ കയറ്റുകയായിരുന്നു.
തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ട് പോയി പീഡിപ്പക്കുകയായിരുന്നു. പെൺകുട്ടിയുടെ ദേഹത്തെ മുറിവുകളും പെരുമാറ്റത്തിലെ അസ്വാഭാവികതയും ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. രാഷ്ട്രീയ, സമുദായ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് അഞ്ച് പേരും. എഐഎംഐഎം എംഎല്‍എയുടെ മകനും ന്യൂനപക്ഷ കമ്മീഷന്‍ ബോര്‍ഡ് അംഗത്തിന്‍റെ മകനും സംഘത്തിലുണ്ടെന്ന് ബിജെപി ആരോപിച്ചു. മറ്റ് മൂന്ന് പേര്‍ ഹൈദരാബാദിലെ ബിസിനസുകാരുടെ മക്കളാണ്.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പീഡനം നടന്ന ആഡംബര കാറ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ എംഎല്‍എയുടെ മകന് കേസില്‍ ബന്ധമില്ലെന്നാണ് പൊലീസ് നിലപാട്. എന്നാല്‍ എംഎല്‍എയുടെ മകനും സംഘത്തിനുമൊപ്പം പെണ്‍കുട്ടി നടന്നുപോകുന്നതിന്‍റെ സിസടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബിജെപി ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.