'എന്‍റെ സ്വാതന്ത്ര്യം തിരിച്ചു വേണം'; അച്ഛനെ കൊലപ്പെടുത്തിയ 15കാരിയുടെ മൊഴിയില്‍ ഞെട്ടി പൊലീസ്

By Web TeamFirst Published Aug 20, 2019, 2:06 PM IST
Highlights

പെണ്‍കുട്ടി ഏഴിലും ആണ്‍കുട്ടി പത്തിലും പഠിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ സൗഹൃദം ആരംഭിക്കുന്നത്. പിന്നീട് ആണ്‍കുട്ടി സ്കൂള്‍ മാറി കോളേജിലെത്തിയപ്പോഴും ബന്ധം തുടര്‍ന്നു. ഇരുവരും മാളുകളില്‍വച്ച് പരസ്പരം കാണുകയും ഫോണില്‍ ദീര്‍ഘനേരം സംസാരിക്കാറുമുണ്ടായിരുന്നു.

ബംഗളൂരു: 'അച്ഛന്‍ എന്‍റെ സ്വാതന്ത്ര്യം ഇല്ലാതാക്കി. എന്നെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കുന്നില്ല. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. പ്രവീണുമായുള്ള ബന്ധം അവസാനിപ്പിക്കാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യപ്പെട്ടു. പ്രവീണുമായി മാളില്‍ പോകുന്നത് മനസ്സിലാക്കിയ അച്ഛന്‍, ബെല്‍റ്റ് കൊണ്ട് എന്നെ ക്രൂരമായി അടിച്ചു. എനിക്കെന്‍റെ സ്വാതന്ത്ര്യം തിരികെ വേണം. അതുകൊണ്ടാണ് അച്ഛനെ കൊലപ്പെടുത്തിയത്'.-കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ അച്ഛനെ ഉറക്കഗുളിക നല്‍കി തീ കൊളുത്തി കൊലപ്പെടുത്തിയ 15 കാരിയുടെ പൊലീസിനെ ഞെട്ടിച്ച മൊഴിയാണിത്.

കാമുകനും പെണ്‍കുട്ടിയും ചേര്‍ന്നാണ് ബിസിനസുകാരനായ അച്ഛനെ കൊലപ്പെടുത്തിയത്. കാമുകന്‍ പ്രവീണിനെ(19) പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കസ്റ്റഡിയിലാണ്. ഞായറാഴ്ച ബംഗളൂരുവിലെ രാജാജിനഗറിലാണ് ഏവരെയും ഞെട്ടിച്ച കൊലപാതകമുണ്ടായത്.

സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും സുഹൃത്തുക്കളെ കാണുന്നതിനും പെണ്‍കുട്ടിക്ക് വിലക്കേര്‍പ്പെടുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബംഗളൂരു നോര്‍ത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു. പെണ്‍കുട്ടി ഏഴിലും ആണ്‍കുട്ടി പത്തിലും പഠിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ സൗഹൃദം ആരംഭിക്കുന്നത്. പിന്നീട് ആണ്‍കുട്ടി സ്കൂള്‍ മാറി കോളേജിലെത്തിയപ്പോഴും ബന്ധം തുടര്‍ന്നു. ഇരുവരും മാളുകളില്‍വച്ച് പരസ്പരം കാണുകയും ഫോണില്‍ ദീര്‍ഘനേരം സംസാരിക്കാറുമുണ്ടായിരുന്നു.

ഈയടുത്ത കാലത്താണ് ഇവരുടെ ബന്ധം അച്ഛന്‍ അറിയുന്നത്. പ്രവീണ്‍ സമ്മാനമായി നല്‍കിയ ഫോണിലൂടെയാണ് ഇവര്‍ അച്ഛനെതിരെ പ്രതികാരം ചെയ്യുന്നത് ആസൂത്രണം ചെയ്തത്. ശനിയാഴ്ച രാത്രി പാലില്‍ ഉറക്ക ഗുളിയ കലര്‍ത്തി പെണ്‍കുട്ടി അച്ഛന് നല്‍കി. ശേഷം കാമുകന്‍ പ്രവീണിനെ വിളിച്ചുവരുത്തി. പിന്നീട് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി.

രാവിലെ വീട്ടില്‍നിന്ന് ദുര്‍ഗന്ധത്തോടെയുള്ള പുക ഉയരുന്നത് കണ്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഇരുവരും കുറ്റം സമ്മതിച്ചു. അമ്മ ജോലി ആവശ്യാര്‍ത്ഥം പുതുച്ചേരിയില്‍ പോയ സമയത്തായിരുന്നു കൊലപാതകം. മകളെ അത്രയേറെ സ്നേഹിച്ച വ്യക്തിയായിരുന്നു കൊല്ലപ്പെട്ടയാളെന്ന് അയല്‍വാസികള്‍ പറഞ്ഞു. തന്‍റെ മകള്‍ നിരപരാധിയാണെന്ന് അമ്മ പറഞ്ഞു.  

click me!