
ഇടുക്കി: സിപിഎം നേതാക്കളുടെ ഗുണ്ടായിസത്തിന് മുന്നിൽ ഇടുക്കിയിൽ പൊലീസുകാര്‍ക്കുപോലും രക്ഷയില്ലെന്ന വിമര്‍ശനവുമായി കോൺഗ്രസ്. മന്ത്രി എംഎം മണിയുടെ തണലിലാണ് നേതാക്കളുടെ അതിക്രമമെന്നും, വണ്ടിപ്പെരിയാറിൽ പൊലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയവരെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയാണെന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു.
സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ രണ്ട് സംഭവങ്ങളാണ് ദിവസങ്ങൾക്കിടെ ഇടുക്കിയിലുണ്ടായത്. നെടുങ്കണ്ടത്ത് മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് പൊലീസുകാരോട് ഡിവൈഎഫ്ഐ നേതാവ് തട്ടിക്കയറിയത്. വണ്ടിപ്പൊരിയാർ സ്റ്റേഷനിൽ കയറി പൊലീസുകാര്‍ക്കെതിരെ സിപിഎം നേതാക്കൾ കൊലവിളി നടത്തിയതാണ് രണ്ടാമത്തെ സംഭവം. അധികാരമുണ്ടെങ്കിൽ എന്തും ആവാമെന്ന തരത്തിലാണ് സിപിഎം കാരുടെ പെരുമാറ്റമെന്നാണ് കോണ്‍ഗ്രസ് ആരോപണം
വണ്ടിപ്പെരിയാര്‍ സ്റ്റേഷനിൽ കയറി അതിക്രമം നടത്തിയ സിപിഎം പീരുമേട് ഏരിയ സെക്രട്ടറി വിജയാനന്ദ്, ജില്ലാ സെക്രട്ടേറിയറ്റംഗം ആർ തിലകൻ എന്നിവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സിപിഎം നേതാക്കളും ചില ഉന്നത പൊലീസുകാരും തമ്മിലുള്ള ഒത്തുകളിയാണിതെന്നും അറസ്റ്റ് ഇനിയും വൈകിയാൽ കോടതിയെ സമീപിക്കുമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു. വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലും പ്രതിഷേധ സമരം സംഘടിപ്പിക്കാനുമാണ് കോണ്‍ഗ്രസ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam