ഇടുക്കി: വാഴവരയിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ തൃശ്ശൂർ പൊലീസ് അക്കാദമിയിലെ എസ്ഐ അനിൽകുമാറിന്‍റെ ആത്മഹത്യാക്കുറിപ്പിലുള്ളത് ഗുരുതര ആരോപണങ്ങളാണ്. തൃശ്ശൂർ പൊലീസ് അക്കാദമിയിലെ എഎസ്ഐ രാധാകൃഷ്ണൻ ഉൾപ്പടെയുള്ളവരുടെ മാനസികപീഡനം സഹിക്കാൻ വയ്യാതെയാണ് മരിക്കുന്നതെന്ന് അനിൽകുമാർ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലുണ്ട്. എഎസ്ഐ രാധാകൃഷ്ണൻ നടത്തിയ സാമ്പത്തിക തിരിമറികൾ അന്വേഷിക്കണമെന്നും കത്തിൽ എസ്ഐ അനിൽകുമാർ എഴുതുന്നു.
ബുധനാഴ്ച ഉച്ചക്കാണ് എസ്ഐ അനിൽകുമാറിനെ വാഴവരയിലെ വീട്ടുവളപ്പിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി ഭാരവും സഹപ്രവർത്തകരുടെ മാനസിക പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പ് ഇതിന് പിന്നാലെ കണ്ടെടുത്തു.
വർഷങ്ങളായി അക്കാദമിയിലാണ് അനിൽകുമാർ ജോലി ചെയ്യുന്നത്. ഇവിടത്തെ ക്യാന്‍റീൻ അനിൽകുമാറിന്‍റെ മേൽനോട്ടത്തിലാണ് കുറച്ച് കാലമായി നടന്നുവരുന്നത്. ഇതിന്‍റെ ഭാരം താങ്ങാനാകുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. മാത്രമല്ല, എഎസ്ഐ രാധാകൃഷ്ണൻ ഇതിനിടെ വല്ലാതെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്നും കുറിപ്പിൽ കാണാം. അനധികൃതമായി ഇയാൾ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഈ പണം തിരിമറി നടത്തിയതിൽ അന്വേഷണം വേണമെന്നും കുറിപ്പിൽ അനിൽകുമാർ ആവശ്യപ്പെടുന്നു.
സാമ്പത്തികപ്രശ്നങ്ങൾ മൂലമാണ് എസ്ഐ ആത്മഹത്യ ചെയ്തത് എന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാൽ സഹപ്രവർത്തകരുടെ പീഡനം എന്ന് കാണിച്ചുള്ള ആത്മഹത്യാക്കുറിപ്പ് അടക്കം പുറത്ത് വന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനിച്ചത്.
എന്നാൽ അന്വേഷണം ഇതുവരെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടില്ല. ഉത്തരവ് കിട്ടിയാൽ ഇന്ന് തന്നെ അന്വേഷണം തുടങ്ങുമെന്ന് ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam