
ഇടുക്കി: ഇടുക്കി കാഞ്ചിയാറിൽ വീടിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട്ടിനകത്ത് കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്‌സമ്മ (അനുമോൾ - 27 ) യുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൂന്ന് ദിവസം മുൻപ് അനുമോളെ കാണാനില്ലെന്ന ഭര്‍ത്താവ് ബിജേഷ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതിയും നല്‍കി.
സ്റ്റേഷനിൽ പോകുന്നതിന് മുൻപ് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടെത്തെ വീട്ടിൽ എത്തിയിരുന്നു. ഈ സമയം വത്സമ്മയുടെ അമ്മ ഫിലോമിന വീട്ടിനുള്ള കിടപ്പുമുറിയിൽ കയറിയപ്പോൾ ബിജേഷ് സംശയം തോന്നാത്ത വിധത്തിൽ ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു. ബിജേഷിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അനുമോൾക്കായി പൊലീസ് അന്വേഷണവും ആരംഭിച്ചു. ഇതിനിടെ ബിജേഷിനെ കാണാതായതോടെയാണ് പൊലീസിന് സംശയങ്ങളുയര്‍ന്നത്. ഇതോടെയാണ് ഇന്ന് ബന്ധുക്കളുമായി എത്തി വീട്ടില്‍ തെരച്ചില്‍ നടത്തിയത്.
അഴുകിയ ഗന്ധം പിന്തുടർന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. വത്സമ്മയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസുള്ളത്. കാണാതായ ബിജേഷിന് വേണ്ടി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ബിജേഷിനും വത്സമ്മയ്ക്കും ഒരു മകളാണ് ഉള്ളത്. ബിജേഷും വത്സമ്മയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതാണോ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നാളെ രാവിലെ ഡോഗ് സ്ക്വാഡും ശാസ്ത്രീയ പരിശോധന വിഭാഗവും എത്തിയ ശേഷമാകും ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുക. കോൺവന്‍റ് നഴ്സറി സ്കൂളിലെ അധ്യാപികയാണ് മരിച്ച വത്സമ്മ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam