
കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിലെ സൗന്ദര്യവർദ്ധക വസ്തുക്കളുടെ മൊത്തവിതരണ സ്ഥാപനത്തിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം റെയ്ഡ് നടത്തി. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത അനധികൃത ഉത്പന്നങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മറൈൻ ഡ്രൈവിലെ മിഡാസ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്.
മുടി വളരാനുള്ള വൈറ്റമിൻ ഇ ഗുളികകൾ, അലോവെര ജെൽ, ഹെന്ന പൗഡർ, സൗന്ദര്യം വർദ്ധിപ്പിക്കാനായി മുഖത്ത് തേക്കുന്ന ക്യാപ്സ്യൂളുകൾ എന്നിവയാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തത്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളാണിവ. മിഡാസിൽ നിന്ന് ഈ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിച്ച ചിലർക്ക് പാർശ്വഫലങ്ങൾ ഉണ്ടായതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഈ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നിർമ്മാണ തീയതിയോ കാലാവധി കഴിയുന്ന തീയതിയോ രേഖപ്പെടുത്തിയിട്ടില്ല. നിർമ്മാതാക്കളെക്കുറിച്ചുള്ള വിവരങ്ങളും പാക്കിംഗിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
ഉത്പന്നങ്ങളുടെ ശരിയായ ബില്ലും വില്പനക്കാരുടെ പക്കൽ ഇല്ലെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു. എന്നാൽ ഉത്പന്നങ്ങളെക്കുറിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നുമാണ് വ്യാപാരിയുടെ വാദം. പിടിച്ചെടുത്ത സാധനങ്ങൾ കോടതിയിൽ ഹാജരാക്കിയ ശേഷം സാമ്പിളുകൾ ഗുണനിലവാര പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam