ആലപ്പുഴ ഇരവുകാട് നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

By Web TeamFirst Published Oct 20, 2020, 10:46 AM IST
Highlights

എക്സൈസ് നടത്തിയ പരിശോധനയിൽ 18 ചാക്ക് ഹാൻസ് ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന ഉത്പന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് പറയുന്നു

ആലപ്പുഴ: ആലപ്പുഴയിൽ 35 ലക്ഷം രൂപയുടെ  നിരോധിത പുകയില ഉൽപ്പന്നങ്ങൾ  പിടികൂടി. വലിയ ചുടുകാടിന് സമീപം ഉപേക്ഷിക്കപ്പെട്ട  നിലയിൽ കണ്ട വാഹനത്തിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ എക്സൈസ് പിടികൂടിയത്. 18 ചാക്കുകളിലായി 200 പാക്കറ്റ്  ഹാൻസ് ഉൾപ്പെടെ നിരോധിത പുകയില ഉത്പന്നങ്ങളും 150 ഗ്രാം കഞ്ചാവുമാണ്  എക്സൈസ് സംഘം പിടികൂടിയത്.

ഇവ സൂക്ഷിച്ചിരുന്ന  മാരുതി ഒമിനി വാൻ   കസ്റ്റഡിയിലെടുത്തു. തിരുവല്ല രജിസ്ട്രേഷനിലുള്ള വാഹനം ഒരാഴ്ചയായി റോഡരുകിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലം നിരീക്ഷിച്ച എക്സൈസ് സംഘം ഇന്ന് രാവിലെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

വഴിയരികിൽ നിർത്തിയിട്ട വാഹനം ഗോഡൗണാക്കി,  സമീപത്തെ ചെറിയ കടകളിലും ആലപ്പുഴ നഗരത്തിലും നിരോധിത പുകയില ഉൽപന്നങ്ങളും കഞ്ചാവും വിതരണം ചെയ്യുകയായിരുന്നുവെന്നാണ് എക്സൈസിന്റെ നിഗമനം. ഇരവ്കാട് വാർഡിൽ കളർകോഡ്,വായ്ക്കൽ ഭാഗത്തെ ചെറിയ കടകളിൽ നിന്ന് അടുത്തിടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടികൂടിയിരുന്നു. വരും ദിവസങ്ങളിൽ നഗരത്തിൽ പരിശോധന ശക്തമാക്കാനാണ് എക്സൈസ് തീരുമാനം. 

click me!