വ്യാജ വാറ്റ് നിര്‍മാണത്തിനു ശ്രമം; ഗരുഡന്‍ ഹരീഷും കൂട്ടാളിയും പിടിയില്‍

By Web TeamFirst Published May 11, 2021, 12:32 AM IST
Highlights

എരൂര്‍ സ്വദേശി ഗരുഡന്‍ എന്ന് വിളിക്കുന്ന ഗരുഡന്‍ ഹരീഷ്,വിനോദ് എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലം: ഏരൂരില്‍ വ്യാജ വാറ്റ് നിര്‍മാണത്തിന് വാഷും കോടയും നിര്‍മിച്ച് സൂക്ഷിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. 650 ലിറ്റര്‍ കോടയാണ് വ്യാജ വാറ്റ് നിര്‍മാണത്തിനായി പ്രതികള്‍ നിര്‍മിച്ചത്.

എരൂര്‍ സ്വദേശി ഗരുഡന്‍ എന്ന് വിളിക്കുന്ന ഗരുഡന്‍ ഹരീഷ്,വിനോദ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടു ദിവസം മുന്‍പാണ് എരൂര്‍ പുഞ്ചക്കരി മുക്കിലെ ഒഴിഞ്ഞു കിടന്ന ഫാമില്‍ വ്യാജ വാറ്റിനായി നിര്‍മിച്ച 650 ലിറ്റര്‍ കോട പൊലീസ് കണ്ടെത്തി നശിപ്പിച്ചത്.എന്നാല്‍ ആരാണ് കോട നിര്‍മിച്ച് സൂക്ഷിച്ചത് എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

കോട സൂക്ഷിച്ചിരുന്ന ടാങ്കിന്‍റെ പുറത്ത് കണ്ട സ്റ്റിക്കറാണ് പ്രതികളെ കണ്ടെത്താന്‍ പൊലീസിന് സഹായമായത്. നിര്‍മാണ ആവശ്യത്തിന് എന്ന പേരില്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് വാടകയ്ക്ക് എടുത്തതാണ് ടാങ്കെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് ഹരീഷും,വിനോദുമാണ് ടാങ്ക് വാടകയ്ക്ക് എടുത്തത് എന്ന് കണ്ടെത്തിയത്. 

ഇരുവരും ഒഴിഞ്ഞു കിടക്കുന്ന ഫാമില്‍ പതിവായി എത്താറുണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ നല്‍കിയ മൊഴിയും നിര്‍ണായകമായി. ഏരൂര്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്തിന്‍റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!