സുശീല്‍ കുമാറിനെതിരേ ഡല്‍ഹി പോലീസ് ലുക്കൗട്ട് സര്‍ക്കുലർ ഇറക്കി

By Web TeamFirst Published May 11, 2021, 12:15 AM IST
Highlights

മെയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് മുന്‍ ദേശീയ ജൂനിയര്‍ ചാമ്പ്യനായ സാഗര്‍ റാണ കൊല്ലപ്പെടുന്നത്. സുശീല്‍ കുമാറുമായി ബന്ധമുള്ള വീട്ടിലാണ് സാഗറും സുഹൃത്തുക്കളും താമസിച്ചിരുന്നത്. 

ദില്ലി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യനായ സാഗര്‍ റാണ കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിമ്പിക് മെഡല്‍ ജേതാവായ ഇന്ത്യന്‍ ഗുസ്തിതാരം സുശീല്‍ കുമാറിനെതിരേ ഡല്‍ഹി പോലീസ് ലുക്കൗട്ട് സര്‍ക്കുലർ ഇറക്കി. കൊലപാതകവുമായി സുശീല്‍കുമാറിന് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതോടെ താരം ഒളിവില്‍പ്പോവുകയായിരുന്നു. സുശീലിനുവേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു

മെയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് മുന്‍ ദേശീയ ജൂനിയര്‍ ചാമ്പ്യനായ സാഗര്‍ റാണ കൊല്ലപ്പെടുന്നത്. സുശീല്‍ കുമാറുമായി ബന്ധമുള്ള വീട്ടിലാണ് സാഗറും സുഹൃത്തുക്കളും താമസിച്ചിരുന്നത്. വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവരും തമ്മില്‍ ഉണ്ടായിരുന്നു. ഈ സാഹചര്യം നിലനില്‍ക്കുന്നതിനിടയിലായിരുന്നു സംഘര്‍ഷവും കൊലയും. 

കേസിൽ സുശീല്‍ കുമാറിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നി കുറ്റങ്ങൾ പൊലീസ് ചുമത്തിയിട്ടുണ്ട്. സംഭവത്തിനു ശേഷം സുശീല്‍ ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്നതായി പോലീസ് പറയുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.സുശീല്‍ കുമാറിനെതിരെ ഒന്നിലധികം പേരുടെ സാക്ഷി മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ഡി.സി.പി ഗുരിഖ്ബാല്‍ സിങ് സിദ്ധു പറഞ്ഞു. മറ്റ് ഗുസ്തി താരങ്ങള്‍ക്ക് മുന്നില്‍ തന്നെക്കുറിച്ച് മോശമായി സംസാരിച്ചതിന് സുശീല്‍ കുമാറും കൂട്ടരും സാഗറിനെ മോഡല്‍ ടൗണിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായും ആരോപണം ഉണ്ട്. 

ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്ത പ്രിന്‍സ് ദാലാലിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് സംഘര്‍ഷത്തിന്റെ വീഡിയോയും ലഭിച്ചതായും പൊലീസ് അറിയിച്ചു.

click me!