
തൃശ്ശൂര്‍: മതപഠനത്തിനെത്തിയ 14കാരനെ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിൽ പോയ പള്ളി ഇമാം അറസ്റ്റിൽ. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുൻ ഇമാമും മദ്രസ അധ്യാപകനുമായ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52) ആണ് അറസ്റ്റിലായത്. ഏപ്രിൽ പതിനെട്ടിനാണ് പതിനാലുകാരനെ ബഷീർ താമസ സ്ഥലത്ത് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് മെയ് രണ്ടിനാണ് പൊലീസ് കേസെടുത്തത്. സംഭവ ശേഷം ഒളിവിലായിരുന്നു ബഷീർ സഖാഫി. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, തൃശ്ശൂർ പുന്നയൂർകുളത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ അച്ഛന്‍റെ മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഇവരിൽ ഒരാൾ അറസ്റ്റിലായി. മറ്റു രണ്ട് പേര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. രണ്ട് മാസം മുമ്പാണ് സംഭവം നടന്നത്. സംഭവം വെളിപ്പെടുത്തിയിട്ടും അമ്മ പരാതി നല്‍കിയില്ലെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. തുടർന്ന് മാസങ്ങൾക്കിപ്പുറം പെൺകുട്ടി ഇക്കാര്യം അധ്യാപികയോട് പറയുകയായിരുന്നു. അധ്യാപികയാണ് പൊലീസിൽ വിവരം അറിയിച്ചത്. പെൺകുട്ടിയുടെ പിതാവിന് കഞ്ചാവ് കച്ചവടമുണ്ട്. ഇയാളുമായി കഞ്ചാവ് ഇടപാടിന് വന്നവരാണ് പ്രതികൾ. കൂടുതൽ പേർ പ്രതികളായിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
Also Read: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്; വൈദികൻ അറസ്റ്റിൽ
കൊവിഡ് കാലത്ത് പോക്സോ കേസുകളിൽ ഞെട്ടിക്കുന്ന വർധന
സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്സോ കേസുകളുടെ എണ്ണം കുത്തനെ കൂടി എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ലോക്ഡൗണിൽ കുട്ടികൾ വീട്ടുകാര്‍ക്കൊപ്പം കഴിഞ്ഞ കാലയളവിൽ തന്നെയായിരുന്നു കൂടുതൽ പീഡനങ്ങളും നടന്നത്. ഗർഭച്ഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്സോ കേസുകളിലെ വലിയൊരു ശതമാനം ഇരകൾ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരിൽ നിന്ന് തന്നെയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കിയ വിവരാവകാശ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
2013 മുതൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കുത്തനെ കൂടുകയാണ്. 2019ൽ മുൻവർഷത്തേക്കാൾ 362 പോക്സോ കേസുകളാണ് കൂടിയത്. എന്നാൽ, ലോക്ഡൗൺ കാലമായ 2020ൽ പോക്സോ കേസുകളുടെ എണ്ണം 767ലെത്തി. 40 മുതൽ 60 ശതമാനം വരെ പോക്സോ കേസുകളിലും അതിക്രമം നടത്തുന്നത് അയൽവാസികളടക്കം കുട്ടിയുമായി നേരിട്ട് ബന്ധം ഉള്ളവർ എന്നതാണ് നിലവിലെ കണക്കുകൾ. വീടുകളിൽ നിന്നും കുട്ടികൾ സ്കൂളിലേക്ക് എത്തി തുടങ്ങിയപ്പോഴും വർധനവ് തുടരുന്നുണ്ട്. സ്കൂളിലെ കൗൺസിലർമാരോടും കൂട്ടുകാരോടും പല ദുരനുഭവങ്ങളും കുട്ടികൾ തുറന്ന് പറഞ്ഞതോടെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ വഴിയൊരുങ്ങി എന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam