എംബിബിഎസ് പരീക്ഷയിലെ ആള്‍മാറാട്ടം: അസീസിയ മെഡിക്കല്‍ കോളേജിലെ അധ്യാപകരെ ചോദ്യം ചെയ്യാൻ പൊലീസ്

By Web TeamFirst Published May 27, 2021, 11:34 PM IST
Highlights

അസീസിയ മെഡിക്കല്‍ കോളജിലെ എംബിബിഎസ് പരീക്ഷാ ആള്‍മാറാട്ട കേസില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പൊലീസ് തീരുമാനം. ആള്‍മാറാട്ടം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസിനുളളില്‍ നിന്നും സഹായം കിട്ടിയെന്ന അനുമാനത്തില്‍ അധ്യാപകരെയടക്കം ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കൊല്ലം: അസീസിയ മെഡിക്കല്‍ കോളജിലെ എംബിബിഎസ് പരീക്ഷാ ആള്‍മാറാട്ട കേസില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പൊലീസ് തീരുമാനം. ആള്‍മാറാട്ടം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസിനുളളില്‍ നിന്നും സഹായം കിട്ടിയെന്ന അനുമാനത്തില്‍ അധ്യാപകരെയടക്കം ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും പൊലീസ് ശേഖരിക്കും.

ഈ വര്‍ഷം ജനുവരിയില്‍ അസീസിയ മെഡിക്കല്‍ കോളജില്‍ നടന്ന എംബിബിഎസ് പരീക്ഷയിലാണ് നബീല്‍ സാജിദ്, പ്രണവ് ജി മോഹന്‍, മിഥുന്‍ ജെംസിന്‍ എന്നീ വിദ്യാര്‍ഥികള്‍ ആള്‍മാറാട്ടം നടത്തി കോപ്പിയടിച്ചതായി ആരോഗ്യ സര്‍വകലാശാല കണ്ടെത്തിയത്. സര്‍വകലാശാല നിര്‍ദേശ പ്രകാരം കോളേജ് അധികൃതര്‍ നല്‍കിയ പരാതിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കലും,വഞ്ചനയും ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു. 

ഇതിനു പിന്നാലെയാണ് അന്വേഷണം കോളേജിലെ അധ്യാപകരിലേക്കും ജീവനക്കാരിലേക്കും കൂടി നീട്ടാന്‍ പൊലീസ് തീരുമാനിച്ചത്. ഇതിനായി പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ചോദ്യം ചെയ്യും. വിദ്യാര്‍ഥികള്‍ക്കായി മറ്റാരോ ഉത്തരങ്ങളെഴുതിയ കടലാസ് സര്‍വകലാശാലയിലേക്ക് അയച്ച പരീക്ഷ പേപ്പറുകളില്‍ തിരുകി കയറ്റുകയായിരുന്നെന്നാണ് പൊലീസിന്‍റെ അനുമാനം. 

സമീപകാലത്ത് അസീസിയ മെഡിക്കല്‍ കോളജില്‍ നടന്ന മറ്റേതെങ്കിലും പരീക്ഷകളില്‍ സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ആരോഗ്യ സര്‍വകലാശാല ആസ്ഥാനത്തു നിന്ന് വിവാദ ഉത്തരക്കടലാസുകളും മറ്റ് അനുബന്ധ രേഖകളും അടുത്ത ദിവസങ്ങളില്‍ തന്നെ പൊലീസ് ശേഖരിക്കും. 

മുഴുവന്‍ തെളിവുകളും ശേഖരിക്കുന്ന മുറയ്ക്ക് വിദ്യാര്‍ഥികളുടെ അറസ്റ്റും ഉണ്ടാകും. എന്നാല്‍ പരീക്ഷാ സൂപ്രണ്ട് ഡോക്ടര്‍ കെജി പ്രകാശിനെ സസ്പെന്‍ഡ് ചെയ്ത ആശുപത്രി മാനേജ്മെന്‍റ് പരീക്ഷാ ഹാളില്‍ ആള്‍മാറാട്ടം നടന്നിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!