
മെൽബേൺ: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജയായ ദന്ത ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രീതി റെഡി എന്ന 32കാരിയുടെ മൃതദേഹമാണ് സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയില്‍ കണ്ടെത്തിയത്. കിഴക്കൻ സിഡ്നിയിലെ ഒരു നഗരത്തിൽ നിർത്തിയിട്ട കാറിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച പ്രീതിയെ ദുരൂഹ സാഹചര്യത്തിൽ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ജോര്‍ജ് സ്ട്രീറ്റിലെ ഒരു റസ്‌റ്റോറന്റിലാണ് ഇവരെ അവസാനമായി കണ്ടത്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ഇവര്‍ വീട്ടുകാരുമായി അവസാനമായി ഫോണില്‍ സംസാരിച്ചത്. വീട്ടിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ ഇവരുടെ കാര്‍ പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരമാകെ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. അതേസമയം, പ്രീതിയുടെ മുന്‍ കാമുകനെ റോഡപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രീതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുൻപാണ് മുൻ കാമുകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. മരണത്തിനു മുൻപ് പ്രീതിയുടെ തിരോധാനത്തെക്കുറിച്ച് ഇയാളുമായി പൊലീസ് സംസാരിച്ചിരുന്നു.
പ്രീതിയും ഇയാളും മാര്‍ക്കറ്റ് സ്ട്രീറ്റിലുള്ള ഒരു ഹോട്ടലിലാണ് ഞായാറാഴ്ച വരെ താമസിച്ചിരുന്നത്. പ്രീതിയുടെ തിരോധാനവും കാമുകന്റെ മരണവും ഒട്ടേറെ ദുരൂഹതകളുളവാക്കുന്നതാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam