കൊച്ചി: അങ്കമാലിയിൽ അച്ഛൻ ക്രൂരമായി മർദ്ദിച്ച് കൊല്ലാൻ ശ്രമിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയെന്ന് ഡോക്ടർമാർ. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് ഇട്ടിരുന്ന ഡ്രെയ്ൻ മാറ്റി. കുഞ്ഞിന് നൽകുന്ന ഓക്സിജന്‍റെ അളവ് കുറച്ചുകൊണ്ട് വരികയാണെന്നും കോലഞ്ചേരി മെഡിക്കൽ കോളേജ് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
കുഞ്ഞ് ഇന്നലെ കരയുന്നുണ്ടായിരുന്നുവെന്നും, ചെറുതായി കൈകാലുകൾ ഇളക്കുകയും ചെയ്തതായി ഡോക്ടർമാർ അറിയിച്ചിരുന്നു. അമ്മയുടെ മുലപ്പാൽ കുഞ്ഞ് താനേ കുടിച്ചു. ഇതെല്ലാം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു എന്നതിന്‍റെ ലക്ഷണങ്ങളാണ്. കുട്ടി ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിൽത്തന്നെ ചികിത്സയിലാണ്.
തലയില്‍ കട്ടപിടിച്ച രക്തം തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞ് കൈകാലുകൾ അനക്കാനും തനിയെ മുലപ്പാൽ കുടിയ്ക്കാനും തുടങ്ങിയത്.
കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെയാണ് 54 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. ബോധം നഷ്ടമായ നിലിയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. അച്ഛൻ ഷൈജു തോമസ് റിമാൻഡിലാണ്.
കരച്ചിൽ നിർത്തുന്നില്ലെന്ന് പറഞ്ഞാണ് ഇയാൾ സ്വന്തം കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചത്. കുഞ്ഞിന്‍റെ അമ്മ മലയാളിയല്ല. കുഞ്ഞ് തന്‍റേതല്ലെന്ന് സംശയമുണ്ടെന്ന് പറഞ്ഞ് സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നും കുഞ്ഞിന്‍റെ അമ്മ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
സംഭവദിവസം മുഖത്തടിച്ചശേഷം കുഞ്ഞിനെ ഇയാൾ കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു. അതീവഗുരുതരാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ കുഞ്ഞിന് കൊണ്ടുവരുമ്പോൾ ശ്വാസമെടുക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. കുഞ്ഞിന്‍റെ അമ്മയ്ക്കാകട്ടെ കാര്യങ്ങൾ ശരിക്ക് പറഞ്ഞ് മനസ്സിലാക്കാനും കഴിഞ്ഞില്ല.
ഭർത്താവുമൊത്ത് തുടർന്ന് ജീവിക്കാൻ താൽപര്യമില്ലെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നുമാണ് യുവതി പറയുന്നത്. കുഞ്ഞിന്‍റെ വായിൽ ഇയാൾ തുണി കുത്തിത്തിരുകി ഇതിന് മുമ്പും കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. ശിശുക്ഷേമ സമിതി ആശുപത്രിയിലെത്തി തെളിവെടുത്തിരുന്നു. അമ്മയ്ക്കും മർദ്ദനമേറ്റോ എന്ന കാര്യം വിശദമായി പരിശോധിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam