
ബെംഗളൂരു:ഒളിച്ചോട്ടത്തിനിടെ ഫോൺ എടുക്കാൻ മറന്ന് 23കാരി. മകളെ കണ്ടെത്താൻ സൂചനകൾ കണ്ടെത്താൻ ഫോൺ പരിശോധിച്ച മാതാപിതാക്കൾ കണ്ടെത്തിയത് 23കാരിയുടെ അമ്മയുടെ നഗ്നചിത്രങ്ങൾ. വീട്ടുകാരെ സമ്മർദ്ദത്തിലാക്കാൻ കാമുകന്റെ പ്രേരണയിലാണ് യുവതി അമ്മയുടെ നഗ്നചിത്രങ്ങൾ ഫോണിൽ എടുത്ത് സൂക്ഷിച്ചിരുന്നത്. ചിത്രങ്ങൾ കണ്ടെത്തിയതിന് പിന്നാലെ 23കാരിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതിയുമായി എത്തുകയായിരുന്നു. പ്രണയത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാതിരുന്ന 23കാരിയേക്കുറിച്ചുള്ള വിവരം ബെംഗളൂരുവിൽ നിന്നാണ്. ബെംഗളൂരു സ്വദേശിനിയായ 23കാരി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം മാതാപിതാക്കൾ എതിർത്തു. നിരാശയായ പെൺകുട്ടി കാമുകനോട് സങ്കടം പറഞ്ഞു. അപ്പോഴാണ് കാമുകൻ ക്രൂരമായ പരിഹാര മാർഗം നിർദ്ദേശിച്ചത്. വിവാഹത്തിന് എതിരുനിന്നാൽ ബ്ലാക്ക്മെയിൽ ചെയ്യാൻ ചിത്രങ്ങൾ ഉപയോഗിക്കാമെന്നായിരുന്നു കാമുകൻ നൽകിയ ഐഡിയ. ഇതനുസരിച്ച് അമ്മയുടെ നഗ്നചിത്രങ്ങൾ യുവതി ഫോണിൽ രഹസ്യമായി എടുത്ത് സൂക്ഷിക്കുകയും ചെയ്യുകയായിരുന്നു.
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് യുവതി കാമുകനുമായി രജിസ്റ്റർ മാര്യേജ് ചെയ്തു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന തിരക്കിനിടയിൽ യുവതി തന്റെ മൊബൈൽ ഫോൺ എടുക്കാൻ മറന്നു. മകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ ഫോൺ പരിശോധിച്ചപ്പോഴാണ് സ്വന്തം അമ്മയുടെ സ്വകാര്യ ചിത്രങ്ങൾ അതിൽ കണ്ടത്. ഇത് കണ്ട് തകർന്നുപോയ അവർ ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. മകൾ വീട്ടിൽ മറന്നുവെച്ച മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഈ ക്രൂരത പുറംലോകമറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമായി. പൊലീസ് പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ എല്ലാ സത്യവും അവൾ തുറന്നുപറഞ്ഞു. വീട്ടുകാരെ വിവാഹത്തിന് സമ്മതിപ്പിക്കാനും ബ്ലാക്ക്മെയിൽ ചെയ്യാനും വേണ്ടി മാത്രമാണ് ഫോട്ടോ എടുത്തതെന്ന് അവൾ സമ്മതിച്ചു. എന്നാൽ ഈ ചിത്രങ്ങൾ ആർക്കും അയക്കുകയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് 23കാരി പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.
വിവാഹം നടത്തുക എന്നത് മാത്രമായിരുന്നു പെൺകുട്ടിയുടെ ലക്ഷ്യമെങ്കിലും, അതിനായി സ്വന്തം അമ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചത് പൊലീസിനെ അടക്കം ഞെട്ടിച്ചിട്ടുണ്ട്. എന്തായാലും, കേസിൽ അന്വേഷണം തുടരുകയാണ്. പെൺകുട്ടിക്കും കാമുകനുമെതിരെ നിയമനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam