ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; അന്വേഷണം മഹാരാഷ്ട്രയിലേക്ക്

By Web TeamFirst Published Mar 24, 2019, 11:07 PM IST
Highlights

ഇരയുടെ മാതാപിതാക്കളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സംഭവം നടന്നിട്ട് ഇപ്പോള്‍ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്.

ഓച്ചിറ: കൊല്ലം ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ രാജസ്ഥാനി പെണ്‍കുട്ടിയേയും പ്രധാന പ്രതിയേയും ഉടൻ കണ്ടെത്തുമെന്ന് പൊലീസ്. മഹാരാഷ്ട്രയില്‍ ഇവര്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. സംഭവത്തിൽ ഇരയുടെ മാതാപിതാക്കളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

സംഭവം നടന്നിട്ട് ഇപ്പോള്‍ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. ആദ്യം ബംഗലൂരൂ പിന്നെ രാജസ്ഥാൻ, ഇപ്പോള്‍ മഹാരാഷ്ട്രയിലാണ് അന്വേഷണം നടക്കുന്നത്. പ്രധാന പ്രതി റോഷനും പെണ്‍കുട്ടിയും അടിക്കടി സ്ഥലം മാറിക്കൊണ്ടിരിക്കുന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്. ഇവര്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല.

കൊല്ലം ചവറ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പൊലീസ് സംഘമാണ് ഇപ്പോള്‍ മഹാരാഷ്ട്രയിലുള്ളത്. വനിതാ പൊലീസുകാരും സംഘത്തിലുണ്ട്. മഹാരാഷ്ട്രയിലെ ഒരു കോളനിയിലുള്ള റോഷന് സമീപം എത്താനായെന്ന് പൊലീസ് പറയുന്നു. പ്രാദേശിക സഹായം പ്രതിക്ക് ലഭിക്കുന്നുണ്ട്. റോഷനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പ്രതിയെ ഇനിയും പിടികൂടാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് കരുനാഗപ്പള്ളിയില്‍ പ്രതിഷേധ സമരം നടത്തി. പൊലീസിന്‍റെ വീഴ്ച ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം ഡിജിപിയെ കണ്ടേക്കും. ഇന്നലെയാണ് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ പെണ്‍കുട്ടിയുടെ ഓച്ചിറയിലെ വീടിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവാസ സമരം നടത്തിയത്.

ഈ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കളോടൊപ്പം നിന്ന ചിത്രങ്ങള്‍ ബിന്ദു കൃഷ്ണ അവരുടെ ഫേസ്ബുക്ക് പേജ് വഴി പുറത്ത് വിട്ടിരുന്നു. ഇതിനാണ് ഡിസിസി പ്രസിഡന്‍റിനെതിരെ ഓച്ചിറി പൊലീസ് പോക്സോ ചുമത്തിയത്. ചിത്രങ്ങള്‍ ഷെയര്‍ ചെയ്തവരേയും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിയമപരമായി നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറിയിച്ചു. 

click me!