ജോളിയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍: അന്വേഷണസംഘം എം ജി, കേരള സര്‍വ്വകലാശാലകളിലെത്തും

By Web TeamFirst Published Nov 4, 2019, 10:17 AM IST
Highlights

പ്രീഡിഗ്രി പാസായിട്ടില്ലെന്നു പൊലീസ് കണ്ടെത്തിയ ജോളിയുടെ കയ്യില്‍ എം ജി സര്‍വ്വകലാശാലയുടെ ബി കോം, കേരള സര്‍വ്വകലാശാലയുടെ എംകോം സർട്ടിഫിക്കറ്റുകളാണ് ഉള്ളത്. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളാണ് കൂടത്തായിയിലെ വീട്ടില്‍ നടന്ന പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്. 

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളില്‍ അന്വേഷണം. പ്രീഡിഗ്രി പാസായിട്ടില്ലെന്നു പൊലീസ് കണ്ടെത്തിയ ജോളിയുടെ കയ്യില്‍ എം ജി സര്‍വ്വകലാശാലയുടെ ബി കോം, കേരള സര്‍വ്വകലാശാലയുടെ എംകോം സർട്ടിഫിക്കറ്റുകളാണ് ഉള്ളത്. എം ജി , കേരള സര്‍വ്വകലാശാലകളില്‍ ഇന്ന് അന്വേഷണ സംഘമെത്തും. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളാണ് കൂടത്തായിയിലെ വീട്ടില്‍ നടന്ന പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്.

എന്‍ഐടിയിലെ പ്രൊഫസറാണെന്ന അവകാശവാദത്തിന് ബലമാകാന്‍ ജോളി സംഘടിപ്പിച്ചതാണ് ഈ സര്‍ട്ടിഫിക്കറ്റുകളെന്നാണ് പൊലീസ് അനുമാനം. സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ പൊലീസ് സര്‍വ്വകലാശാല റജിസ്ട്രാർമാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയാല്‍ ജോളി ഇതിന് മുമ്പും വ്യാജ രേഖ ചമച്ചിട്ടുണ്ടെന്ന് പൊലീസിന് തെളിയിക്കാന്‍ സാധിക്കും. അതേസമയം ജോളിയെ ഇന്ന് നാലാമത്തെ കേസില്‍ അറസ്റ്റ് ചെയ്യും. ഇപ്പോള്‍ ജയിലിലുള്ള ജോളിയെ, മാത്യു മഞ്ചാടിയിലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്യുക.

കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. കോടതി അനുവദിക്കുകയാണെങ്കില്‍ ഇന്ന് തന്നെ ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. വിശദമായ ചോദ്യം ചെയ്യലിന് പുറമേ കൂടത്തായിയില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ജോളിയുടെ കൈയക്ഷരവും ഒപ്പും താമരശേരി കോടതി ഇന്ന് രേഖപ്പെടുത്തും. വ്യാജ ഒസ്യത്ത് ഉള്‍പ്പടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി.

click me!