ഗുരുതരമായ അച്ചടക്ക ലംഘനവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവും ആണ് നടന്നതെന്നാണ് രാമചന്ദ്ര റാവുവിനെതിരെ ഉയരുന്ന വിമർശനം

ബെംഗളൂരു: ഔദ്യോഗിക ചേംബറിൽ വച്ച് യുവതിയുമായി അശ്ലീല ചേഷ്ടകളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ. വീഡിയോ വൈറലായതോടെ കർണാടകയിൽ വൻ വിവാദം. നേരത്തെ സ്വർണ കടത്ത് കേസിൽ അറസ്റ്റിലായ നടി റന്യ റാവുവിന്റെ പിതാവും ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവുവിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ ഓഫീസ് സമയത്ത് ഒരു യുവതിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും അടക്കമുള്ള വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഡ്യൂട്ടി സമയത്ത് രാമചന്ദ്ര റാവുവിന്റെ ചേംബറിൽ നിന്ന് രഹസ്യമായി ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് പുറത്ത് വരുന്ന വിവരം. ഗുരുതരമായ അച്ചടക്ക ലംഘനവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവും ആണ് നടന്നതെന്നാണ് രാമചന്ദ്ര റാവുവിനെതിരെ ഉയരുന്ന വിമർശനം. വീഡിയോയിലുള്ള യുവതി വ്യത്യസ്ത വേഷങ്ങളിൽ രാമചന്ദ്ര റാവുവിന്റെ ഓഫീസ് ചേംബറിലെത്തിയതായാണ് വീഡിയോ ദൃശ്യം നൽകുന്ന സൂചന. പീഡന സംബന്ധിയായ പരാതിയൊന്നും വീഡിയോയേ ചൊല്ലി ലഭിച്ചിട്ടില്ല. സംഭവം വൈറലായതിന് പിന്നാലെ വീഡിയോ കോൺഫറൻസിലൂടെ പൊലീസ് വകുപ്പിൽ നിന്ന് വിശദീകരണം തേടിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം വീഡിയോ ആർട്ടിഫീഷ്യൽ ഇൻറലിജൻസ് മുഖേന നിർമ്മിച്ചതാണെന്നാണ് രാമചന്ദ്ര റാവു വിശദമാക്കുന്നത്.

തന്നെ ചിലർ കുരുക്കാൻ ലക്ഷ്യമിടുന്നുവെന്നുമുള്ള പ്രത്യാരോപണമാണ് രാമചന്ദ്ര റാവു നടത്തിയത്. ഇത് ആദ്യമായല്ല രാമചന്ദ്ര റാവു വിവാദങ്ങളിൽ കുടുങ്ങുന്നത്. നേരത്തെ കഴിഞ്ഞ വർഷം മാർച്ചിലാണ് റാവുവിന്റെ വളർത്തുമകൾ സ്വർണ കടത്തിൽ അറസ്റ്റിലായത്. ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ വച്ച് 14.8 കിലോ സ്വര്‍ണമാണ് രന്യയിൽ നിന്ന് പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നാണ് സ്വർണം കൊണ്ടുവന്നത്. റന്യക്ക് വിമാനത്താവളത്തിലടക്കം സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള വിഐപി പരിഗണന ലഭിച്ചെന്ന വിവരങ്ങളും ചില ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. റന്യക്കായി സുരക്ഷാ പ്രോട്ടോക്കോളുകൾ മനപൂർവ്വം മറികടന്നതായി വ്യക്തമായതോടെ രാമചന്ദ്ര റാവു സംശയത്തിന്റെ നിഴലിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം