ഇരിക്കൂറിലെ 'ദൃശ്യം' മോഡല്‍ കൊല; പ്രതിയുടെ ആത്മവിശ്വാസത്തിന് മുകളിലൂടെ പൊലീസിന്‍റെ അന്വേഷണം

By Web TeamFirst Published Sep 11, 2021, 11:05 AM IST
Highlights

ദൃശ്യം സിനിമയെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലായിരുന്നു കൊലപാതകം. പണി നടക്കുന്ന ശൗചാലയത്തില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട് മുകളിലൂടെ കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു  ആഷികുള്‍ ഇസ്ലാമിന്‍റെ മൃതദേഹം. 

കണ്ണൂര്‍: ഇരിക്കൂറില്‍ കാണാതായ മറുനാടന്‍ തൊഴിലാളിയെ കൊലപ്പെടുത്തിയതില്‍ ഒടുവില്‍ അയാളുടെ സുഹൃത്തുക്കള്‍ തന്നെ പ്രതികളാകുമ്പോള്‍ പൊലീസ് നടത്തിയത് വിദഗ്ധമായ അന്വേഷണം. മറുനാടന്‍ തൊഴിലാളിയായ ആഷികുള്‍ ഇസ്ലാമിനെ കൊലപ്പെടുത്തി പണി നടക്കുന്ന കെട്ടിടത്തിന്‍റെ തറയില്‍ കുഴിച്ചുമൂടിയ പ്രതി വിചാരിച്ചത് താന്‍ ഒരിക്കലും പിടിയിലാകില്ലെന്നായിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണം പ്രതിയുടെ ആത്മവിശ്വാസത്തിനും മുകളിലായിരുന്നു. 

ദൃശ്യം സിനിമയെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലായിരുന്നു കൊലപാതകം. പണി നടക്കുന്ന ശൗചാലയത്തില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട് മുകളിലൂടെ കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു  ആഷികുള്‍ ഇസ്ലാമിന്‍റെ മൃതദേഹം. കേസില്‍ ഇരിക്കൂര്‍ പൊലീസ് പിടികൂടിയ പരേഷ് നാഥ് മണ്ഡല്‍ ചോദ്യം ചെയ്യലില്‍ 'ദൃശ്യം' മലയാളം പതിപ്പോ, ഹിന്ദി പതിപ്പോ കണ്ടിട്ടില്ലെന്നാണ് പറയുന്നത്. 

ജൂണ്‍ 28 മുതലാണ് ആഷികുള്‍ ഇസ്ലാമിനെ കാണാതായത്. അന്ന് തന്നെ അയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളായ  പരേഷ് നാഥ് മണ്ഡലും, ഗണേഷും നാടുവിട്ടു. എന്നാല്‍ അതിന് മുന്‍പ്  ആഷികുള്‍ ഇസ്ലാമിനെ ഫോണ്‍ നന്നാക്കാന്‍ പോയ ശേഷം കാണാനില്ലെന്ന് ഇസ്ലാമിന്‍റെ സഹോദരന്‍ മോമിനെ വിളിച്ച് പരേഷ് നാഥ് അറിയിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ തന്നെ നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ പിന്നീട് ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കി. ഒപ്പം താമസിച്ചവരെ ബന്ധപ്പെടാന്‍ ശ്രമിക്കാവെയാണ് അവര്‍ മുങ്ങിയതായി പൊലീസ് മനസിലാക്കുന്നത്. ഇവരുടെ ഫോണും സ്വിച്ച് ഓഫായിരുന്നു.

എന്നാല്‍ കുറച്ച് കാലം കഴിഞ്ഞ് മണ്ഡലിന്‍റെ ഫോണ്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത് അന്വേഷണ സംഘം കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ടവര്‍ ലോക്കേഷന്‍ പരിശോധനയില്‍ ഇയാള്‍ മഹാരാഷ്ട്രയില്‍ ഉണ്ടെന്ന് അറിഞ്ഞു. ഇതോടെ കണ്ണൂരില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം  ഇസ്ലാമിന്‍റെ സഹോദരന്‍ മോമിനെയും ഒപ്പംചേര്‍ത്ത് മഹാരാഷ്ട്രയിലേക്ക് ശനിയാഴ്ച പുറപ്പെട്ടു. മുംബൈയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ പാല്‍ഗരില്‍ നിന്നും പരേഷ് നാഥ് മണ്ഡലിനെ പൊലീസ് പിടികൂടി. പ്രദേശിക പൊലീസ് സഹായത്തോടെ ഇയാളെ പിടികൂടിയ പൊലീസ് തിങ്കളാഴ്ചയോടെ പ്രതിയുമായി മടങ്ങിയെത്തി. 

ജൂണ്‍ 28നാണ് പണത്തിന് വേണ്ടി ഇസ്ലാമിനെ ചുറ്റികയ്ക്ക് അടിച്ചും, ശ്വാസം മുട്ടിച്ചും പരേഷ് നാഥും, സുഹൃത്ത് ഗണേഷും കൊലപ്പെടുത്തിയത്. തുടര്‍ന്ന് ശരീരം കുഴിച്ചിട്ടു. കുഴിച്ചിടാനുള്ള ആശയം ഗണേഷിന്‍റെയാണ് എന്നാണ് മണ്ഡല്‍ പറയുന്നത്. ഗണേഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!