
ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയായി സ്വകാര്യ ഐടി കമ്പനിയിലെ മാനേജരായ യുവതി. കമ്പനി സിഇഒ, മേലുദ്യോഗസ്ഥ, അവരുടെ ഭർത്താവ് എന്നിവരാണ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പ്രതികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ജികെഎം ഐടിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ജിതേഷ് പ്രകാശ് സിസോഡിയ, സ്ഥാപനത്തിന്റെ വനിതാ എക്സിക്യൂട്ടീവ് മേധാവി ശിൽപ സിരോഹി, ഭർത്താവ് ഗൗരവ് സിരോഹി എന്നിവരാണ് അറസ്റ്റിലായത്. ജിതേഷ്, ശിൽപ, ഗൗരവ് എന്നിവർ മാറിമാറി തന്നെ ബലാത്സംഗം ചെയ്തതായി അതിജീവിത പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മെഡിക്കൽ പരിശോധനയിലും യുവതി ബലാത്സംഗത്തിന് ഇരയായതായി സ്ഥിരീകരിച്ചു. അതിജീവിതക്ക് സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേറ്റെന്നും ആഭരണങ്ങൾ, സോക്സുകൾ, അടിവസ്ത്രങ്ങൾ എന്നിവ നഷ്ടപ്പെട്ടതായും പൊലീസ് പറഞ്ഞു. ഡിസംബർ 20നായിരുന്നു സംഭവം. ഉദയ്പൂരിലെ ഷോബാഗ്പുരയിലുള്ള ഒരു ഹോട്ടലിൽ സിസോദിയയുടെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാനാണ് യുവതി എത്തിയത്. രാത്രി 9 മണിക്ക് ആരംഭിച്ച് പുലർച്ചെ 1.30 പാർട്ടി വരെ നീണ്ടുനിന്നു. അതിജീവിത ഉൾപ്പെടെ ഒത്തുചേരലിലുണ്ടായിരുന്ന എല്ലാവരും മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ 1.30 ഓടെ, ജിതേഷ് സിസോദിയ, ശിൽപ സിരോഹി, ഗൗരവ് സിരോഹി എന്നിവർ യുവതിയെ വീട്ടിൽ എത്തിക്കാൻ ഇവരുടെ കാർ ഏർപ്പാടാക്കി. ഗൗരവ് ആയിരുന്നു കാർ ഓടിച്ചിരുന്നത്, ശിൽപ, ജിതേഷ്, അതിജീവിച്ചയാൾ എന്നിവർ പിന്നിൽ ഇരുന്നു.
യാത്രയ്ക്കിടെ യുവതിക്ക് മയങ്ങാനുള്ള മരുന്ന് വാങ്ങി കഴിപ്പിച്ചു. ശേഷം അതിജീവിത അബോധാവസ്ഥയിലായെന്നും പൊലീസ് പറഞ്ഞു. ബോധം വീണ്ടെടുത്തപ്പോഴാണ് താൻ ബലാത്സംത്തിനിരയായതായി സംശയമുണർന്നത്. തുടർന്ന് കാറിന്റെ ഡാഷ്‌കാം പരിശോധിച്ചപ്പോൾ മുഴുവൻ കുറ്റകൃത്യത്തിന്റെയും വീഡിയോ ലഭിച്ചു. ഈ തെളിവുകളുമായി സ്ത്രീ പൊലീസിനെ സമീപിക്കുകയും ഡിസംബർ 23 ന് പരാതി നൽകുകയും ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam