ജയ്‍പൂർ സ്ഫോടനക്കേസ്; നാല് പ്രതികൾക്ക് വധശിക്ഷ

By Web TeamFirst Published Dec 20, 2019, 5:36 PM IST
Highlights

ജയ്പൂരിലെ പ്രത്യേക കോടതിയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. സർവാർ ആസ്മി, മുഹമ്മദ് സൈഫ്, സൈഫൂർ റഹ്മാൻ, സൽമാൻ എന്നീ നാല് പ്രതികളെയാണ് തൂക്കിക്കൊല്ലാൻ വിധിച്ചത്. 

രാജസ്ഥാൻ: 2008ലെ ജയ്പൂർ സ്ഫോടനകേസിലെ നാല് പ്രതികളെയും വിചാരണ കോടതി തൂക്കിക്കൊല്ലാൻ വിധിച്ചു. ജയ്പൂരിലെ പ്രത്യേക കോടതിയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. സർവാർ ആസ്മി, മുഹമ്മദ് സൈഫ്, സൈഫൂർ റഹ്മാൻ, സൽമാൻ എന്നീ നാല് പ്രതികളെയാണ് തൂക്കിക്കൊല്ലാൻ വിധിച്ചത്. 

2008 മേയ് പതിമൂന്നിന് വൈകിട്ട് 7.20നായിരുന്നു ഇന്ത്യയെ നടുക്കിയ ജയ്പൂർ സ്ഫോടന പരമ്പര. പൊലീസ് സ്റ്റേഷനിൽ പോലും സ്ഫോടനം നടന്നു. 71 പേർ മരിച്ചു. 183 പേർക്ക് പരിക്കേറ്റു. എട്ടു സ്ഥലങ്ങളിലായി ഒമ്പതു സ്ഫോടനങ്ങളാണ് നടന്നത്. സ്ഫോടനങ്ങൾ നടന്ന് പതിനൊന്ന് വർഷത്തിനിപ്പുറമാണ് വിചാരണ കോടതിയുടെ വിധി വരുന്നത്. അഞ്ച് പ്രതികളാണ് കേസിലുണ്ടായിരുന്നത്. 

സംശയത്തിന്‍റെ അനുകൂല്യം നല്കിയാണ് അഞ്ചാം പ്രതി ഷഹ്ബാസ് ഹുസൈനെ കോടതി വെറുതെ വിട്ടത്. ഒരു മാധ്യമത്തിന് ഇമെയിൽ അയച്ച് ഉത്തരവാദിത്വം ഏറ്റെടുത്തത് സിമിയുമായി ബന്ധമുള്ള ഷഹബാസ് ആയിരുന്നു. എന്നാൽ ഇതിനപ്പുറം സ്ഫോടനവുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനായില്ല. മറ്റു നാലു പേർക്കും നേരിട്ട് പങ്കുണ്ടെന്നാണ് കോടതി കണ്ടെത്തൽ. 2008 ഡിസംബറിലാണ് കേസിൽ വിചാരണ തുടങ്ങിയത്. 

click me!