
തിരുവനന്തപുരം: സരിത എസ്.നായർ ഉള്‍പ്പെട്ട നിയമനതട്ടിപ്പിൽ ഉന്നത ഗൂഡാലോചനയുണ്ടെന്ന സംശയവും ബലപ്പെടുന്നു. തട്ടിപ്പു നടന്ന കാര്യം ഒന്നരമാസം മുന്പ് ബെവ്ക്കോ എംഡി സർക്കാരിനെ അറിയിച്ചിരുന്നു. തട്ടിപ്പിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണവും എങ്ങുമെത്തിയില്ല. ബെവ്ക്കോ ഉദ്യോഗസ്ഥരുടെ ഇടപെടലിന് കുറിച്ചും പരാതിക്കാരന്‍റെ മൊഴിയിൽ പരാമർശമുണ്ട്.
ബെവ്ക്കോ മാനേജർ മീനാകുമാരിയുടെ പേരിലാണ് നിയമനത്തിനായി പണം നൽകിയവർക്ക് ഓഗസ്റ്റ് മൂന്നിന് ഉത്തരവ് ലഭിക്കുന്നത്. രണ്ടു പ്രാവശ്യം ജോലിയിൽ പ്രവേശിക്കാനുള്ള തീയതി മാറ്റിവച്ചതായി സരിത എസ്.നായർ വിളിച്ചറിയച്ചപ്പോള്‍ സംശയം തോന്നിയെന്നാണ് പരാതിക്കാരനായെ നെയ്യാറ്റിൻകര സ്വദേശിയുടെ മൊഴി. പണം നൽകിയവർ മീനാകുമാരിയെ നേരിട്ട് വിളിച്ചു. ഉത്തരവ് തട്ടിപ്പാണെന്ന് മീനാകുമാരി പറഞ്ഞ കാര്യം പരാതിക്കാരൻ സരിത എസ്.നായരെ അറിയിച്ചു.
ഇതിന് പിന്നാലെ മീനാകുമാരി വിളിച്ച് ദേഷ്യപ്പെട്ടുവെന്നും മൊഴിയിലുണ്ട്. നമ്മൾ തമ്മിൽ സംസാരിച്ച കാര്യം മറ്റുള്ളവരോട് എന്തിന് പറഞ്ഞുവെന്നായിരുന്നു ചോദ്യം. സരിതയോട് പരാതിക്കാരൻ സംസാരിച്ചകാര്യം മീനാകുമാരി എങ്ങനെ അറിഞ്ഞുവെന്നത് പൊലീസ് അന്വേഷിക്കും. മീനാകുമാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
അതേ സമയം തൊഴിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരം മീനാകുമാരി തന്നെ രേഖാമൂലം ബെവ്ക്കോ എംഡിയെ അറിയിച്ചിരുന്നു. തട്ടിപ്പിന് ഇരയായവർ വിളിച്ച ഫോണ്‍ റിക്കോർഡ് സഹിതമാണ് അന്വേഷണം ആവശ്യപ്പെട്ട് മീനാകുമാരി പരാതി നൽകിയത്. ഈ പരാതി എക്സൈസ് വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനും കൈമാറിയിരുന്നു. വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തുവെങ്കിലും അന്വേഷണം ഒരിടത്തുമെത്തിയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam