
തിരുവനന്തപുരം: കടയ്ക്കാവൂർ ശാരദ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം. പ്രതി മണികണ്ഠന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു.
2016 ഡിസംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന 70-കാരിയായ ശാരദയെ മണികണ്ഠൻ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ സാക്ഷികളുണ്ടായിരുന്നില്ല. സാഹചര്യ തെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
ഐപിസി സെക്ഷൻ 302 പ്രകാരം ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക ശിക്ഷ അനുഭവിക്കണം. മണികണ്ഠന്റെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ശാരദയുടേതാണെന്ന് രാസപരിശോധനയിൽ തെളിഞ്ഞതാണ് കേസിൽ നിർണായക വഴിത്തിരിവായത്.
ശാരദയെ കൊലപ്പെടുത്തുന്നതിന് മൂന്ന് ദിവസം മുമ്പ് പ്രതി പൂവമ്പാറ സ്വദേശിയായ മനുവെന്ന യുവാവിനെയും കൊലപ്പെടുത്തിയിരുന്നു. വഴിയിലിരുന്നുളള മദ്യപാനം ചോദ്യം ചെയ്തതിന് മനുവിനെ വീടിന്റെ കാർ ഷെഡിൽ പതിയിരുന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ശാരദ വധക്കേസിൽ അറസ്റ്റിലായ ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കടയ്ക്കാവൂർ സിഐ ജിബി മുകേഷിനോട് മണികണ്ഠൻ ഇക്കാര്യം വെളിപ്പെടുത്തിയത്. പി. മനു വധക്കേസിന്റെ വിചാരണയും വൈകാതെ തുടങ്ങുമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam