കളിയിക്കാവിള കൊലപാതകക്കേസ്; തൗഫീഖിനെയും ഷമീമിനെയും കോടതിയിൽ ഹാജരാക്കും

By Web TeamFirst Published Jan 16, 2020, 7:07 AM IST
Highlights

കർണാടകയിലെ ഉഡുപ്പിയിൽ നിന്നും പിടിയിലായ ഇവരെ കഴിഞ്ഞ ദിവസം ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് തമിഴ്നാട്‌ ക്യു ബ്രാഞ്ചിന് കൈമാറിയിരുന്നു. വൻ സുരക്ഷ സന്നാഹത്തോടെയാണ് ഇവരെ കളിയിക്കാവിളയിൽ എത്തിച്ചത്.

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും ഷമീമിനെയും ഇന്ന് തമിഴ്നാട് കുഴിത്തറ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കും. അവധിയായതിനാൽ ഇന്ന് ഇവരെ കസ്റ്റഡിയിൽ വാങ്ങിയേക്കില്ല. എഎസ്‌ഐ വിൽസൻ വെടിയേറ്റ് മരിച്ച ചെക്പോസ്റ്റിൽ തമിഴ്നാട് പൊലീസ് ഇവരെ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അതും ഇന്നുണ്ടായേക്കില്ല, ഇരുവരെയും പാളയംകൊട്ട ജയിലിലേക്ക് മാറ്റുമെന്നാണ് സൂചന. കർണാടകയിലെ ഉഡുപ്പിയിൽ നിന്നും പിടിയിലായ ഇവരെ കഴിഞ്ഞ ദിവസം ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് തമിഴ്നാട്‌ ക്യു ബ്രാഞ്ചിന് കൈമാറിയിരുന്നു. വൻ സുരക്ഷ സന്നാഹത്തോടെയാണ് ഇവരെ കളിയിക്കാവിളയിൽ എത്തിച്ചത്. കേരളത്തിൽ ഇവർക്ക് വേണ്ട സഹായങ്ങൾ നൽകിയ സയ്ദ് അലി അടക്കമുള്ള കൂട്ടാളികൾ ഇപ്പോഴും ഒളിവിലാണ്. 

നിരോധിത സംഘടനയായ അൽ ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷ്ണല്‍ ലീഗിന് കേസുമായി ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ തീവ്രവാദപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സംഘത്തിൽ 17 പേരാണുള്ളതെന്നും ഇതിൽ മൂന്ന് പേർക്കാണ് ചാവേർ പരിശീലനം കിട്ടിയതെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു.

ഇപ്പോൾ അറസ്റ്റിലായ അബ്ദുൾ ഷമീം ഹിന്ദു മുന്നണി നേതാവായിരുന്ന കെ പി സുരേഷ് കുമാറിനെ 2014-ൽ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. കർണാടകത്തിൽ പല വേഷങ്ങളിലും പേരുകളിലുമാണ് ഇവർ കഴിഞ്ഞിരുന്നത്. പലയിടത്തായി താമസിച്ചിരുന്ന ഇവർ ആവശ്യങ്ങളനുസരിച്ച് പദ്ധതിയിട്ടാണ് ഒരുമിച്ച് യോഗം ചേരുന്നതും തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതും. അൽ-ഉമ്മയുടെ തീവ്രവാദ ആശയങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഇവർ ശ്രമിച്ചിരുന്നു. കൂടുതൽ പേരെ അങ്ങനെ സംഘത്തിലെത്തിക്കാനും ഇവർ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

click me!