'കല്ലട ബസ് ഡ്രൈവർ കയറിപ്പിടിച്ചു, ചോദ്യം ചെയ്തപ്പോൾ ന്യായീകരണം', യാത്രക്കാരി പറയുന്നു

By Web TeamFirst Published Jun 20, 2019, 6:26 PM IST
Highlights

കണ്ണൂരിൽ നിന്ന് കയറിയ ഞാൻ പിൻസീറ്റിലാണ് ഇരുന്ന് യാത്ര ചെയ്തത്. ചോദിച്ചപ്പോൾ പറഞ്ഞത് സ്റ്റോപ്പെത്തിയപ്പോൾ തട്ടിയുണർത്താൻ ശ്രമിച്ചതാണെന്നാണ് - യാത്രക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. 

ബംഗലുരു: കല്ലട ബസ്സിലെ ഡ്രൈവറായ ജോൺസൺ ജോസഫ് കയറിപ്പിടിക്കുകയായിരുന്നുവെന്ന് ബസ്സിൽ യാത്ര ചെയ്ത തമിഴ്‍നാട് സ്വദേശിനി. ചോദ്യം ചെയ്തപ്പോൾ തട്ടിയുണർത്താൻ ശ്രമിക്കുകയായിരുന്നെന്ന മറുപടിയാണ് ലഭിച്ചത്. ബഹളം വച്ചപ്പോൾ ബസ്സിലെ ജീവനക്കാർ ജോൺസണെ ന്യായീകരിക്കുന്ന നിലപാടാണ് എടുത്തതെന്നും യാത്രക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ബസ്സിലെ പിൻസീറ്റിലാണ് യുവതി യാത്ര ചെയ്തിരുന്നത്. കണ്ണൂരിൽ നിന്നാണ് ബസ്സിൽ കയറിയത്. യാത്രക്കാരിയുടെ വാക്കുകളിങ്ങനെ:

''കല്ലട ബസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഓൺലൈനായിട്ടാണ്. 1000 രൂപ കൊടുത്താണ് ടിക്കറ്റെടുത്തത്. ടിക്കറ്റ് ബുക്ക് ചെയ്തെന്ന് മൊബൈലിൽ മെസ്സേജും വന്നു. കണ്ണൂരിലെ കെഎസ്‍ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് രാത്രി 11.15-നാണ് ബസ്സിൽ കയറിയത്. അവസാനത്തെ സീറ്റായിരുന്നു എന്‍റേത്. അതുകൊണ്ടുതന്നെ എനിക്കുറക്കം വന്നിരുന്നില്ല. ഇടയ്ക്ക് എപ്പോഴോ മയങ്ങിയപ്പോൾ ഒരു കൈ വന്ന്, എന്‍റെ കയ്യിൽ പിടിച്ചു. അതിന് ശേഷം കൈ അരയിലേക്ക് നീണ്ടു. അപ്പോഴാണ് ഞാൻ എഴുന്നേറ്റ് ബഹളം വച്ചത്. എന്താണിതെന്ന് ചോദിച്ചത്. അപ്പോഴയാൾ ന്യായീകരിച്ചു. എഴുന്നേൽപ്പിക്കാൻ ശ്രമിച്ചതാണെന്ന് പറഞ്ഞു. എന്തിനാണ് എന്നെ എഴുന്നേൽപിക്കുന്നതെന്ന് ചോദിച്ചു. എനിക്ക് ഇറങ്ങാനുള്ള ഇടമായിരുന്നില്ല. അപ്പോൾ അയാൾക്ക് മറുപടിയുണ്ടായില്ല. ഞാൻ ജീൻസും ടോപ്പുമാണ് ധരിച്ചിരുന്നത്. ഇനി എന്നെ എഴുന്നേൽപിക്കണമെങ്കിൽത്തന്നെ മാന്യമായി വിളിച്ചോ, എന്നിട്ടും എഴുന്നേറ്റില്ലെങ്കിൽ കാലിൽ തട്ടിയോ വിളിക്കാമായിരുന്നില്ലേ? എന്‍റെ ബെൽറ്റിൽ തൊട്ട് വിളിക്കുന്നതെന്തിനാണ്? 

ഇതാരാണെന്ന് മുന്നിലെത്തി ചോദിച്ചപ്പോൾ. ഇവിടത്തെ സ്റ്റാഫാണെന്നും ഡ്രൈവറാണെന്നും പറഞ്ഞു. ഡ്രൈവറെന്തിനാണ് എന്നെ വന്ന് വിളിക്കുന്നത്? ഞാനൊരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഇങ്ങനെയാണോ പെരുമാറുന്നതെന്ന് ചോദിച്ചു. അപ്പോഴേക്ക് ബസ്സിലെ എല്ലാവരും എഴുന്നേറ്റിരുന്നു. അപ്പോഴേക്ക് രാത്രി ഒന്നര മണിയായിരിക്കണം. എന്നാൽ ജീവനക്കാർ ഡ്രൈവറെ ന്യായീകരിക്കുകയായിരുന്നു. 

ഇത് വെറുതെ വിടില്ല, ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ഈ ബസ്സിൽ ഇനി യാത്ര ചെയ്യില്ല എന്നും പറഞ്ഞു. എന്നെ അപ്പോൾ സഹായിച്ചത് കൂടെയുണ്ടായിരുന്ന യാത്രക്കാരാണ്. അവരാണ് വണ്ടി പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്ന് നിർബന്ധം പിടിച്ചത്. 

പരാതിയുമായി വിളിച്ച് അരമണിക്കൂറിനകം പൊലീസ് വന്നു'', പരാതിക്കാരി പറയുന്നു. 

click me!