
കൊച്ചി: കൊച്ചിയിൽ ഡിജെ പാർട്ടിയ്ക്കിടെ പെൺകുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി പിടിയിൽ. മുഹമ്മദ് ഹസൻ ആണ് മൈസൂരുവിൽ നിന്ന് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ മുഹമ്മദ് ഹസൻ രൂപമാറ്റം വരുത്തിയിരുന്നു. പ്രതിയെ പുലർച്ചെയോടെ കൊച്ചിയിൽ എത്തിക്കുമെന്നും നാളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
കേസിലെ രണ്ടാം പ്രതിയായ തിരുവനന്തപുരം അമ്പൂരി സ്വദേശിയും ഇരുപത്തിനാലുകാരനുമായ അഭിഷേക് ജോണും പ്രധാന പ്രതിയുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശി അഭിഷേകും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കൊച്ചി സ്വദേശിയുമാണ് നേരത്തെ പൊലീസിന്‍റെ പിടിയിലായത്. അഭിഷേകിന്റെ കൂട്ടാളിയായ കാസർകോട് സ്വദേശി മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നുമാണ് കൊച്ചി സിറ്റി പൊലീസ് ഡിസിപി എസ് ശശിധരൻ പറയുന്നത്.
അതേസമയം, ഒന്നര മാസത്തിനിടെ കൊച്ചിയിൽ ആറ് കൊലപാതകങ്ങളുണ്ടായ പശ്ചാത്തലത്തിൽ നഗരത്തിൽ രാത്രി പട്രോളിംഗ് ഉർജിതമാക്കിയെന്ന് സിറ്റി പൊലീസ് അറിയിച്ചു. ലഹരിക്കെതിരായ ബോധവത്കരണം ശക്തമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ...
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപം സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഡിജെ പാർട്ടിയിൽ അഭിഷേക് ജോണും സുഹൃത്ത് കാസർകോട് സ്വദേശി മുഹമ്മദും പങ്കെടുത്തു. പാർട്ടിയ്ക്കിടെ ഇരുവരും പരിപാടി കാണാനെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. ഇത് കൊല്ലപ്പെട്ട എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷ് അടക്കമുള്ള സംഘാടകർ ചോദ്യം ചെയ്തു, ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതിൽ വൈരാഗ്യം പൂണ്ട അഭിഷേകും മുഹമ്മദും ഡിജെ പാർട്ടി കഴിഞ്ഞതിന് ശേഷം തിരിച്ചെത്തി സംഘാടകരെ ആക്രമിക്കുകയായിരുന്നു. അറസ്റ്റിലായ അഭിഷേക് കല്ലുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചത് രാജേഷിന്‍റെ സുഹൃത്തുക്കൾ തടഞ്ഞു. ഈ സമയം ഒപ്പമുണ്ടായിരുന്ന മുഹമ്മദ് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് രാജേഷിനെ തുരുതുരാ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam