
ബെംഗളൂരു: ഡാൻസ് സ്കൂളിലെ 20 കാരിയായ വിദ്യാർത്ഥിനിയെ പാനീയത്തിൽ മയക്കുമരുന്ന് ചേർത്ത് ബോധം കെടുത്തി പീഡിപ്പിച്ച സംഭവത്തിൽ കന്നട സിനിമാ കോറിയോഗ്രാഫർ അറസ്റ്റിൽ. നിരവധി കന്നട സിനിമകൾക്കും റിയാലിറ്റിഷോകൾക്കും നൃത്തസംവിധാനം നിർവ്വഹിച്ച പവൻ(28) ആണ് അറസ്റ്റിലായത്.
മൂന്ന് വർഷത്തോളമായി ബെംഗളൂരു നാഗർഭാവിയിലുള്ള ഇയാളുടെ ഡാൻസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. ജനുവരി 13 ന് രാവിലെ ഇയാൾ പെൺകുട്ടിയെ ഫോണിൽ വിളിക്കുകയും കന്നട സിനിമയിലെ പ്രശസ്ത നടൻ അഭിനയിക്കുന്ന സിനിമയിൽ പ്രധാന റോൾ നൽകാമെന്ന് വ്യാജ വാഗ്ദാനം ചെയ്യുകയുമായിരുന്നു. അതിനുവേണ്ടി ഓഡീഷൻ ഉണ്ടാവുമെന്നും കുറച്ചു ഫോട്ടോ ഷൂട്ട് ആവശ്യമായിവരുമെന്നുമറിയിച്ചു. അതുപ്രകാരം ഇയാൾ കാറുമായി പെൺകുട്ടിയുടെ കെങ്കേരിയിലുള്ള വീട്ടിലെത്തി ഡാൻസ് സെന്‍ററിലേയ്ക്ക് കൂട്ടികൊണ്ടുവരികയും ചെയ്തു.
പിന്നീട് പവൻ കുറച്ചു നേരം ഫോണിൽ സംസാരിക്കുകയും സിനിമയിലെ റോളിന്റെ കാര്യം സംവിധായകൻ സമ്മതിച്ചതായി പെൺകുട്ടിയെ അറിയിക്കുകയും ചെയ്തു. കുറച്ചുസമയത്തിനുള്ളിൽ ഫോട്ടോഷൂട്ട് നടത്താമെന്നും പറഞ്ഞു. ഇയാൾ മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിക്കാൻ തുടങ്ങിയതോടെ ഭയന്ന പെൺകുട്ടി ഡാൻസ് സെന്‍ററിലെ വിദ്യാർത്ഥി സുഹൃത്തിനെ ഫോണിൽ വിളിക്കുകയും ഉടനെ എത്തണമെന്നറിയിക്കുകയും ചെയ്തു. പക്ഷേ ഇയാൾ പെൺകുട്ടിയുടെ ഫോൺ പിടിച്ചുവാങ്ങി വിദ്യാർത്ഥിയെ തിരിച്ച് വിളിക്കുകയും ഫോട്ടോഷൂട്ടുള്ളതിനാൽ അര മണിക്കൂർ കഴിഞ്ഞ് വന്നാൽ മതിയെന്നറിയിക്കുകയുമായിരുന്നു.
പിന്നീട് ഇയാൾ മയക്കുമരുന്ന് ചേർത്ത പാനീയം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉണർന്നതിനുശേഷം താൻ പീഡിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ പെൺകുട്ടി വീട്ടിലെത്തി സംഭവം രക്ഷിതാക്കളെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞതായും സംഭവത്തിൽ കേസെടുത്ത നാഗർഭാവി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam