ഒന്നരവയസുകാരന്‍റെ കൊലപാതകം ; കുട്ടിയുടെ അമ്മ ശരണ്യയുടെ യഥാര്‍ത്ഥ കാമുകന്‍ താനല്ലെന്ന് നിധി​ന്‍

Web Desk   | Asianet News
Published : Oct 17, 2020, 02:04 PM ISTUpdated : Oct 17, 2020, 02:05 PM IST
ഒന്നരവയസുകാരന്‍റെ കൊലപാതകം ; കുട്ടിയുടെ അമ്മ ശരണ്യയുടെ യഥാര്‍ത്ഥ കാമുകന്‍ താനല്ലെന്ന് നിധി​ന്‍

Synopsis

താനല്ല ശരണ്യയുടെ യഥാര്‍ഥ കാമുകനെന്നും സാക്ഷിപ്പട്ടികയിലെ അരുണ്‍ എന്നയാളാണെന്നും നിധിന്‍ ഇപ്പോള്‍ ആരോപിക്കുന്നത് എന്നാല്‍ കേസ് വഴിതിരിച്ചുവിടാനുള്ള പ്രതിയുടെ ആസൂത്രീതമായ ശ്രമമാണ് നടക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. 

കണ്ണൂര്‍: കേരള മനസാക്ഷിയെ ഞെട്ടിച്ച കണ്ണൂരിലെ തയ്യില്‍ കടപ്പുറത്തെ ഒന്നരവയസുകാരന്‍റെ കൊലപാതകത്തില്‍ രണ്ടാം പ്രതി പുതിയ വാദങ്ങളുമായി രംഗത്ത്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട്‌ കേസിലെ രണ്ടാം പ്രതി നിധിന്‍ കോടതിയെ സമീപിച്ചു. കേസില്‍ ഒന്നാം പ്രതിയായ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകന്‍ ഞാനല്ലെന്നും, അത് മറ്റൊരാളാണെന്നും കേസില്‍ വീണ്ടും അന്വേഷണം വേണമെന്നുമാണ് നിധിന്‍റെ ആവശ്യം. നിധിനും കാമുകി ശരണ്യയും ഗൂഢാലോചന നടത്തിയാണ്‌ കൊലപാതകം ആസൂത്രണം ചെയ്‌തന്നൊണ്‌ പോലീസ്‌ കുറ്റപത്രത്തില്‍ പറയുന്നത്‌. എന്നാല്‍ താനല്ല യഥാര്‍ത്ഥ കാമുകന്‍ എന്നാണ്  അഡ്വ. മഹേഷ്‌ വര്‍മ മുഖാന്തരം കണ്ണൂര്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ നല്‍കി ഹര്‍ജിയില്‍ പറയുന്നത്.

താനല്ല ശരണ്യയുടെ യഥാര്‍ഥ കാമുകനെന്നും സാക്ഷിപ്പട്ടികയിലെ അരുണ്‍ എന്നയാളാണെന്നും നിധിന്‍ ഇപ്പോള്‍ ആരോപിക്കുന്നത് എന്നാല്‍ കേസ് വഴിതിരിച്ചുവിടാനുള്ള പ്രതിയുടെ ആസൂത്രീതമായ ശ്രമമാണ് നടക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഒരിക്കലും പ്രതിയായ നിധിന് ഇത്തരം ഒരു ഹര്‍ജി സമര്‍പ്പിക്കാന്‍ നിയമപരമായി സാധിക്കില്ലെന്നും, ഇത് കോടതി പരിഗണിക്കാനുള്ള സാധ്യതയില്ലെന്നുമാണ് കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് പൊലീസ് കേസ് അന്വേഷിച്ച് കൃത്യം നടന്ന് മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയത്.

കേരളത്തെ ഞെട്ടിച്ച കൊലപാതകം

കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് പുലർച്ചെ മൂന്നരക്ക് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ എടുത്ത് ശരണ്യ കടൽക്കരയിലേക്ക് കൊണ്ടുപോയി. രണ്ട് തവണ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് മരണമുറപ്പാക്കിയ ശേഷം തിരിച്ചുവന്ന് കിടന്നുറങ്ങി എന്നാണ് പൊലീസ് കുറ്റപത്രം പറയുന്നത്. 

ഭർത്താവിനെ കുടുക്കാൻ ലക്ഷ്യമിട്ട കൊലപാതകത്തിൽ ചോദ്യം ചെയ്ത പൊലീസ് സംഘത്തെ വലയ്ക്കുന്ന തരത്തിലായിരുന്നു കസ്റ്റഡിയിൽ ശരണ്യയുടെ ആദ്യത്തെ മൊഴി. പൊലീസ് ശബ്ദമുയർത്തിയപ്പോഴെല്ലാം ശരണ്യയും പൊട്ടിത്തെറിച്ചു. ശരണ്യയുടെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ചോദ്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. മൂന്നു മാസത്തിന് ശേഷം വീട്ടിൽ വന്ന് അന്ന് തങ്ങണമെന്ന് നിർബന്ധം പിടിച്ച് ഭർത്താവാണ് കൊല നടത്തിയതെന്നതായിരുന്നു ശരണ്യ പൊലീസിന് മുന്നിൽ വെച്ച കഥ. ഭർത്താവിനൊപ്പം കിടത്തിയ ശേഷമാണ് കുഞ്ഞിനെ കാണാതായത് എന്നായിരുന്നു വാദം. 

8 മണിക്കൂറുകളിലധികം നീണ്ടിട്ടും ശരണ്യ കുറ്റം സമ്മതിക്കാൻ തയാറായിരുന്നില്ല. ചോദ്യം ചെയ്യലിനിടെ 17 തവണ കാമുകൻ നിധിന്റെ ഫോൺ വന്നത് വഴിത്തിരിവായി. കൂടുതൽ സാഹചര്യ തെളിവുകൾ നിരത്തിയതോടെ പിടിച്ചുനിൽക്കാനാകാതെ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു. തുടരന്വേഷണത്തിൽ ലഭിച്ച ശാസ്ത്രീയ തെളിവുകളും പൊലീസ് കുറ്റപത്രത്തിൽ നിരത്തുന്നുണ്ട്. ശരണ്യയുടെ വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്‍റെ അംശമുണ്ടായിരുന്നെന്ന ഫോറൻസിക് പരിശോധന ഫലം,കുഞ്ഞിന്‍റെ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയ ദഹിക്കാത്ത പാലി‍ന്‍റെ അംശം, കടൽഭിത്തിക്കരികിൽ നിന്ന് കിട്ടിയ ശരണ്യയുടെ ചെരിപ്പ്, ചോദ്യം ചെയ്യലിനിടെ തുടർച്ചയായുണ്ടായ കാമുകന്‍റെ ഫോൺ വിളികൾ, ഇവയെല്ലാം തെളിവുകളായി പൊലീസ് നിരത്തുന്നു.

കൃത്യത്തിന്‍റെ തലേ ദിവസം രണ്ടരമണിക്കൂറിലധികം കാമുകൻ ശരണ്യയുമായി സംസാരിച്ചിരുന്നു. ശരണ്യയുടെ പേരിൽ ലക്ഷങ്ങൾ ലോണെടുക്കാൻ നിതിൻ ശ്രമിച്ചിരുന്നു. ഇതിനായി ഇയാൾ നൽകിയ തിരിച്ചറിയൽ കാർഡുൾപ്പെടെയുള്ള രേഖകൾ ശരണ്യയുടെ വീട്ടിൽ നിന്നും കണ്ടെത്തി. ശരണ്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും ഇത് ഭർത്താവിനെ കാണിക്കുമെന്ന് നിതിൻ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ