'മിന്നല്‍ മുരളി'യുടെ സെറ്റ് പൊളിച്ച മുഖ്യ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

By Web TeamFirst Published Apr 22, 2022, 12:15 PM IST
Highlights

എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ പതിമൂന്നോളം കേസുകളിൽ പ്രതിയായാണ് രതീഷ്. 

ആലുവ: കാലടി മണപ്പുറത്തെ 'മിന്നല്‍ മുരളി' സിനിമയ്ക്ക് ഇട്ട സിനിമ സെറ്റ് തകർത്ത കേസിലെ മുഖ്യപ്രതി മലയാറ്റൂർ സ്വദേശി  രതീഷ് എന്ന കാര രതീഷിനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ പതിമൂന്നോളം കേസുകളിൽ പ്രതിയായാണ് രതീഷ്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ആയുധ നിയമം, സ്‌ഫോടക വസ്തുനിയമം തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ട്; ആലുവയില്‍ കാപ്പ പ്രകാരം 42 പേരെ ജയിലിലടച്ചു. 31 പേരെ നാടു കടത്തി

ഓപ്പറേഷൻ ഡാർക്ക് ഹണ്ട് എന്ന പേരില്‍ ആലുവ റൂറൽ പരിധിയിൽ ഇതുവരെ കാപ്പ നിയമപ്രകാരം 42 പേരെ ജയിലിലടച്ചു. 31 പേരെ നാടു കടത്തി. മുൻകാല കുറ്റവാളികളേയും, തുടർച്ചയായി സമാധാന ലംഘനം നടത്തുന്നവരേയും നിരീക്ഷിച്ചു വരികയാണെന്നും, ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്.പി കെ.കാർത്തിക്ക് അറിയിച്ചു.

ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

ആലുവയിൽ അജ്ഞാതന്‍റെ  ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക് ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് സെന്‍റ്സേവിയേഴ്സ് കോളേജിന് മുൻവശത്ത് വച്ചായിരുന്നുസംഭവം.കളമശ്ശേരി സ്വദേശി   മുഹമ്മദ് ഇജാസ് (33) നാണ്  ഇതര സംസ്ഥാന സ്വദേശിയെന്ന് തോന്നിക്കുന്ന വ്യക്തിയിൽ നിന്ന് പരിക്കേറ്റത്.വഴിയിലൂടെ നടന്നു പോവുകയായിരുന്ന തന്നെ അക്രമി കല്ലുകൊണ്ട് തലക്ക് ഇടിക്കുകയായിരുന്നുവെന്ന് മുഹമ്മദ് ഇജാസ് പറഞ്ഞു. മുഹമ്മദ് ഇജാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

'എംഡിഎംഎ തൂക്കി വിൽക്കാൻ ഉപകരണം'; കൊല്ലത്ത് രണ്ടിടത്തായി പിടിച്ചത് 15 ലക്ഷത്തിന്റെ ലഹരിമരുന്ന്

 കൊല്ലം: ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 35 ഗ്രാം എംഡിഎംഎ പിടിച്ചു. വിപണിയിൽ പതിനഞ്ചു ലക്ഷത്തിലധികം മാണ് ഇതിന്റെ വില. രണ്ടു യുവാക്കൾ അറസ്റ്റിലായി. നിലമേലിൽ വിൽപ്പനക്കായി ലോഡ്ജ്മുറിയിൽ സൂക്ഷിച്ചിരുന്ന 29  ഗ്രാം എംഡിഎംഎയാണ് കൊട്ടാരക്കര ഡിവൈഎസ്പിയും സംഘവും പിടിച്ചെടുത്തത്. ഈ കേസിൽ നിലമേൽ,കണ്ണൻക്കോട് സ്വദേശി എന്ന സിയാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.  എംഡിഎംഎ തൂക്കി വിൽക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു.

കുറച്ച് ദിവസമായി യുവാക്കൾ ലോഡ്ജ് മുറിയിൽ വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നായിരുന്നു പൊലീസ് പരിശോധന. ബെംഗളൂരുവിൽ നിന്നെത്തിച്ച ആറര ഗ്രാം എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൈനാഗപ്പള്ളി സ്വദേശി വിപിൻ വേണു കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി എസ്എച്ച്ഒ ഗോപകുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  

വീട്ടിൽ കയറി വൃദ്ധനെ വെട്ടി, ഗുണ്ട ലോജിയെ പിടിക്കാനാകാതെ പൊലീസ്

കോട്ടയം: കോട്ടയത്ത് വയോവൃദ്ധനെ വീട് കയറി വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടയെ പിടികൂടാനാകാതെ പൊലീസ്. കഴിഞ്ഞ പതിനാറിനാണ് നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ലോജി കുടമാളൂർ സ്വദേശിയായ കെകെ കുട്ടപ്പനെ ആക്രമിച്ചത്. കുട്ടപ്പന്‍റെ മകനും ലോജിയുമായുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

84 കാരനാണ് ഗുണ്ടയുടെ വെട്ടേറ്റ കുട്ടപ്പൻ. കുട്ടപ്പന്‍റെ മകനും ഗുണ്ടയായ ലോജിയും തമ്മിൽ പതിനഞ്ചാം തീയതി കുടമാളൂർ ക്ഷേത്രത്തിൽ വച്ച് ഏറ്റുമുട്ടി. ഗരുഢതൂക്കത്തിനിടെ പരസ്പരം സ്പർശിച്ചെന്ന പേരിൽ തുടങ്ങിയ തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ മദ്യലഹരിയിലായിരുന്ന ലോജിക്ക് പരിക്കേറ്റു. ഇതിന് പക വീട്ടാനാണ് ഗുണ്ട കത്തിയുമായി കുട്ടപ്പന്‍റെ വീട്ടിലെത്തിയത്. 

ഈ സമയം മകൻ വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് വയോധികനെ നേരെ തിരിഞ്ഞ ലോജി ഇയാളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന്‌ ശേഷം കടന്നുകളഞ്ഞ ഇയാളെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് ആറ് മണിക്കൂറിന് ശേഷമാണ് തങ്ങളെ അറിയിച്ചതെന്നാണ് വെസ്റ്റ് പോലീസ് പറയുന്നത്. 

ഇത് ലോജി സുരക്ഷിത സ്ഥലത്തേക്ക് മാറാൻ കാരണമായി. മാത്രമല്ല, ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് കാരണം ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താൻ കഴിയുന്നില്ലെന്നും പൊലീസ് പറയുന്നു. പരിക്കേറ്റ കുട്ടപ്പൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ലോജി റിമാൻഡിൽ ആയിരുന്നു. നിരവധി കൊട്ടേഷൻ കേസുകളും, ലഹരി കടത്ത് കേസുകളും ലോജിക്കെതിരെ ഉണ്ട്. മാനസിക പ്രശ്നമുള്ളയാളാണ് ലോജിയെന്നും പൊലീസ് പറയുന്നു. കണ്ടെത്താൻ ഊർജിതമായ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് വിശദീകരണം.
 

click me!