കരമന ദുരൂഹ മരണം; ജയമാധവൻ്റെ മരണം ദുരൂഹമെന്ന് ക്രൈംബ്രാഞ്ച്, കാര്യസ്ഥനെ വീണ്ടും ചോദ്യം ചെയ്യും

By Web TeamFirst Published Feb 21, 2021, 10:57 AM IST
Highlights

ഒരു കുടുംബത്തിലെ അഞ്ച് പേരാണ് തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം എന്ന വീട്ടില്‍ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവന്‍ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്. 

തിരുവനന്തപുരം: കൂടത്തായി മോഡല്‍ കൊലപാതകമെന്ന സംശയമുയര്‍ന്ന തിരുവനന്തപുരം കരമന കൂടം തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം ദുരൂഹമെന്ന് ക്രൈംബ്രാഞ്ച്. സ്വഭാവിക മരണമല്ലെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. കൊലപാതക കുറ്റം ചുമത്താൻ കോടതിയിൽ അപേക്ഷ നൽകി. കാര്യസ്ഥൻ രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും.

ഒരു കുടുംബത്തിലെ അഞ്ച് പേരാണ് തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം എന്ന വീട്ടില്‍ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവന്‍ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്. ജയമാധവന്‍ നായരുടെ മരണശേഷം നൂറ് കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ കാര്യസ്ഥനായ രവീന്ദ്രന്‍ നായരും അകന്ന ബന്ധുക്കളും ചേര്‍ന്ന് പങ്കിട്ടെടുത്തതോടെ ദുരൂഹത വര്‍ധിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രവീന്ദ്രന്‍ നായരുടെ ഇടപെടലുകളില്‍ സംശയമുണര്‍ത്തുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. 

ജയമാധവന്‍റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയ പൊലീസിന് അദ്ദേഹത്തിന്‍റെ കുടുംബത്തിലെ കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നടന്ന ഗൂഡാലോചനയെ കുറിച്ചുമുള്ള വിവരങ്ങളാണ് ലഭിച്ചത്. അബോധാവസ്ഥയില്‍ വീട്ടിൽ കണ്ട ജയമാധവൻ നായരെ ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചുവെന്നായിരുന്നു രവീന്ദ്രൻ പൊലീസിന് നൽകിയ മൊഴി. മരണത്തിന് മുമ്പ് സ്വത്തുക്കള്‍ വിൽക്കാൻ തനിക്ക് അനുമതി പത്രം നൽകിയെന്നും രവീന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ഈ മൊഴി ശരിയില്ലെന്ന് സ്ഥാപിക്കുന്ന തെളിവുകളാണ് പൊലീസിന് ലഭിച്ചത്. 

click me!