രൂപശ്രീയുടെ കൊലപാതകം: പ്രതി നടത്തിയത് സൂക്ഷ്മമായ തെളിവ് നശിപ്പിക്കല്‍; ഒടുവില്‍ കുടുങ്ങിയത് ഇങ്ങനെ

By Web TeamFirst Published Jan 26, 2020, 10:01 AM IST
Highlights

രൂപശ്രീയെ വിളിച്ചു വരുത്തുന്നതിന് മുമ്പ് വെങ്കട്ട രമണ രണ്ടാം പ്രതി നിരഞ്ജനെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. അധ്യാപിക എത്തിയപ്പോള്‍ വീട്ടില്‍ ഒളിച്ചിരുന്ന നിരഞ്ജനുമായി ചേര്‍ന്ന് വെങ്കട്ടരാമ കൊലപാതകം നടത്തുകയായിരുന്നു. 

കാസര്‍ഗോഡ്:  അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി വെങ്കിട്ട രമണ അതി സൂക്ഷ്മമായി തെളിവ് നശിപ്പിക്കാനും ശ്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. കൊലപാതക സമയം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിച്ചു കളയുകയും രക്തത്തിന്‍റെ പാടുകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്തു. ഭാര്യ മംഗലാപുരത്ത് ബന്ധുവിന്‍റെ വിവാഹ സത്കാരത്തിന് പോയ സമയമാണ് പ്രതി സഹപ്രവര്‍ത്തകയായ അധ്യാപികയെ തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

രൂപശ്രീയെ വിളിച്ചു വരുത്തുന്നതിന് മുമ്പ് വെങ്കട്ട രമണ രണ്ടാം പ്രതി നിരഞ്ജനെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. അധ്യാപിക എത്തിയപ്പോള്‍ വീട്ടില്‍ ഒളിച്ചിരുന്ന നിരഞ്ജനുമായി ചേര്‍ന്ന് വെങ്കട്ടരാമ കൊലപാതകം നടത്തുകയായിരുന്നു. വസ്ത്രം കഴുകാനായി എടുത്ത് വെച്ച ദ്രാവകം നിറഞ്ഞ ബക്കറ്റില്‍ അധ്യാപികയെ മുക്കി കൊല്ലാനാണ് ശ്രമിച്ചത്. എന്നാല്‍ ഇവരുടെ ശ്രമം വിഫലമാക്കി ഇരുവരെയും തട്ടിമാറ്റി ഓടി രക്ഷപ്പെടാന്‍ രൂപശ്രീ ശ്രമിച്ചു. എന്നാല്‍ കുതറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രൂപശ്രീയെ ഇരുവരും ചേര്‍ന്ന് വീണ്ടും പിടികൂടി മര്‍ദ്ധിച്ചു. 

തുടര്‍ന്ന് തല ചുമരില്‍ ഇടിപ്പിച്ച് ബോധരഹിതയാക്കി. പിന്നീട് ഡ്രമ്മില്‍ കരുതിയിരുന്ന വെള്ളം ശക്തമായി മുഖത്തും വായക്ക് അകത്തേക്കും ഒഴിച്ചു. രൂപശ്രീയുടേത് മുങ്ങിമരണം ആണ് എന്ന് വരുത്തി തീര്‍ക്കാനായിട്ടായിരുന്നു ഇത്. വെങ്കട്ട രമണയുടെ ഭാര്യ തിരികെ എത്തുന്നതിന് മുമ്പായി രൂപശ്രീയുടെ മൃതദേഹം കാറിലേക്ക് മാറ്റി. മുറിയില്‍ തെറിച്ച രക്തത്തിന്‍റെ പാടുകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. കൊലപാതക സമയം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിച്ചു കളയുകയും ചെയ്തു. 

മംഗളൂരു നേത്രാവദി പുഴയില്‍ മൃതദേഹം ഉപേക്ഷിച്ച് പോകാനായിരുന്നു പ്രതിയുടെ പദ്ധതി. ഇതിനായി പ്രതികള്‍ ഇരുവരും കാറില്‍ മൃതദേഹവുമായി നേത്രാവതി പാലത്തില്‍ എത്തി. എന്നാല്‍ പ്രദേശത്ത് ആളുകളെ കണ്ടതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് ഇരുവരും ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. പിന്നീട് കോയിപ്പാടി കടപ്പുറത്ത് എത്തി മൃതദേഹം കടലില്‍ തള്ളി. 

അതേസമയം അധ്യാപികയെ കാണാതായതോടെ പലരും വെങ്കിട്ട രമണയോട് അന്വേഷിച്ചെങ്കിലും തനിക്ക് അറിയില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. പോലീസ് കസ്റ്റഡിയില്‍ എടുത്ത് ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ആദ്യം കൊലപാതക കുറ്റം സമ്മതിക്കാന്‍ വെങ്കട്ട രമണ തയ്യാറായില്ല. പിന്നീട് മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി വീണ്ടും പോലീസ് ചോദ്യം ചെയ്തതോടെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. 
 

click me!