
കാഞ്ഞങ്ങാട്: കാസര്‍കോട്ട് ഭര്‍തൃമാതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 49 കാരിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. കൊളത്തൂര്‍ ചേപ്പനടുക്കത്തെ അംബികയെയാണ് കാസര്‍കോട് അഡീഷണൽ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൊളത്തൂര്‍ പെര്‍ളടുക്കം ചേപ്പിനടുക്കയിലെ 65 കാരിയായ അമ്മാളു അമ്മയെ കൊന്ന കേസിലാണ് ശിക്ഷ വിധിച്ചത്. 49 കാരിയായ അംബികയ്ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.
2014 സെപ്റ്റംബര്‍ 16 നാണ് കേസിന് ആസ്പദമായ സംഭവം. ഭര്‍തൃമാതാവിനെ അംബിക കഴുത്തില്‍ കൈകൊണ്ട് ഞെരിച്ചും തലയിണകൊണ്ട് മുഖത്ത് അമര്‍ത്തിയും നൈലോണ്‍ കയര്‍ കഴുത്തില്‍ ചുറ്റിയും കൊലപ്പെടുത്തിയെന്നാണ് കേസ്. അമ്മാളു അമ്മയെ വീടിന്‍റെ ചായ്പ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടക്കം മുതൽ തന്നെ അമ്മാളുവിന്‍റെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു.
കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി മൃതദേഹം വീടിന്‍റെ ചായ്പ്പില്‍ കെട്ടി തൂക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. അമ്മാളു അമ്മയുടെ പേരിലുള്ള 70 സെന്‍റ് സ്ഥലം വിറ്റ് മറ്റൊരു സ്ഥലം വാങ്ങിയിരുന്നു. ഇത് മകന്‍ കമലാക്ഷന്‍റേയും ഭാര്യ അംബികയുടേയും പേരിലാണ് വാങ്ങിയിരുന്നത്. സ്വന്തം പേരിലേക്ക് മാറ്റിത്തരണമെന്ന് അമ്മാളുഅമ്മ ആവശ്യപ്പെട്ട വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. അന്ന് കേസില് പ്രതി ചേര്‍ത്തിരുന്ന അമ്മാളുവമ്മയുടെ മകന്‍ കമലാക്ഷനേയും കൊച്ചു മകന്‍ ശരതിനേയും കോടതി വെറുതെ വിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam