
ദില്ലി : ജിടിബി ആശുപത്രിക്കുള്ളിൽ ചികിത്സയിലുളള ആളെ തോക്കുമായെത്തിയ ആൾ വെടിവെച്ചുകൊലപ്പെടുത്തി. വയറുവേദനയ്ക്ക് ചികിത്സയിൽ കഴിഞ്ഞിരുന്നു ഖജൂരിഖാസ് സ്വദേശി റിയാസുദ്ദീനാണ് (32) വെടിയേറ്റ് മരിച്ചത്. ആശുപത്രിയിലെ മൂന്നാം നിലയിലെ 24ാമത്തെ മുറിയിൽ ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ മാസം 23 നാണ് റിയാസുദ്ദീൻ ചികിത്സക്കായി അഡ്മിറ്റായത്. തോക്കുമായി കടന്ന് വന്ന വ്യക്തി മൂന്ന് റൌണ്ട് വെടിവെച്ചെന്നാണ് ദൃക്ഷസാക്ഷികൾ പറയുന്നത്. റിയാസുദ്ദീനെ ഡോക്ടർ പരിശോധിച്ചിരുന്ന സമയത്തായിരുന്നു വെടിവെപ്പ് നടന്നത്. ഡോക്ടർ പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാൽ വെടിയേറ്റില്ല. ആക്രമണം നടത്തിയ പ്രതി ഇവിടെ നിന്ന് കടന്നു കളഞ്ഞു.
ആളെ തിരിച്ചറിഞ്ഞുവെന്നും ആക്രമണത്തിന് പിന്നിലെ പ്രകോപനം എന്താണെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആശുപത്രികളുടെ സുരക്ഷ കൂട്ടാൻ നിർദ്ദേശം നൽകിയെന്നും ദില്ലി സർക്കാർ വ്യക്തമാക്കി. സംഭവത്തിൽ ഡോക്ടർമാരുടെ സംഘടന പ്രതിഷേധവുമായി രംഗത്ത് എത്തി. കർശന നടപടി വേണമെന്ന് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam