യുവാവ് തീ കൊളുത്തി കൊന്ന കവിതയ്ക്ക് നാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

By Web TeamFirst Published Mar 21, 2019, 5:02 PM IST
Highlights

പ്രതി അജിൻ റെജി മാത്യുവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. വധശ്രമത്തിനുള്ള വകുപ്പ്, യുവതി മരിച്ചതോടെ കൊലക്കുറ്റമായി മാറുകയായിരുന്നു.

തിരുവല്ല: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് തീകൊളുത്തിക്കൊന്ന കവിതയ്ക്ക് നാടിന്‍റെ യാത്രാ മൊഴി. തിരുവല്ല പൊതു ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. അതിനിടെ പ്രതി അജിൻ റെജി മാത്യുവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

ഈ മാസം 12-നാണ് തിരുവല്ലയിൽ നടുറോഡിൽ വച്ച് കവിതയെ സഹപാഠിയായിരുന്ന അജിൻ റെജി മാത്യു കത്തി കൊണ്ട് കുത്തുകയും തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. അജിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. നിലവിൽ അജിൻ റെജി മാത്യു മാവേലിക്കര സബ്‍ജയിലിൽ റിമാൻഡിലാണ്. 

രാവിലെ തിരുവല്ല സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ബിഎസ്‍സിക്ക് കവിത പഠിച്ച തിരുവല്ല ചിലങ്ക ജങ്ഷനിലെ സ്വകാര്യ സ്ഥാപനത്തിൽ അരമണിക്കൂര്‍ പൊതുദര്‍ശനം. സഹപാഠികളും അധ്യാപകരും ജനപ്രതിനിധികളും അന്ത്യാഞ്ജലി  അര്‍പ്പിച്ചു. വിലപയാത്രയായി തിരുവല്ല പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോയ മൃതദേഹം വൈകീട്ട് നാല് മണിയോടെ സംസ്കരിച്ചു. 

മാർച്ച് 20-ന് വൈകീട്ട് 6 മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ കവിത മരിച്ചത്. രക്തസമ്മർദ്ദം കുറയുകയും അണുബാധയുണ്ടാവുകയും ചെയ്തതാണ് മരണകാരണമായത്. 

click me!