
കാസര്‍കോട്: പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ കാസര്‍കോട് കിദമ്പാടി ഇസ്മായിൽ വധക്കേസിലെ പ്രതികൾക്ക് കൊടതി ജാമ്യം അനുവദിച്ചു. ഇസ്മായിലിന്റെ ഭാര്യ അടക്കം മൂന്ന് പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. മുഖ്യ പ്രതികളിൽ ഒരാളെ ഇതുവരേയും പൊലീസിന് പിടികൂടാനായിട്ടില്ല. ഇസ്മായിലിന്റെ ഭാര്യ ആയിശ, കാമുകനായ ഹനീഫ, ഇയാളുടെ സുഹൃത്ത് അറഫാത്ത് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ആയിശയ്ക്ക് ഹൈക്കോടതിയും മറ്റ് രണ്ട് പ്രതികള്‍ക്ക് ജില്ലാ കോടതിയുമാണ് ജാമ്യം അനുവദിച്ചത്.
കേസിൽ അന്വേഷണസംഘത്തിന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞിരുന്നില്ല. ഇതേ തുടർന്നാണ് പ്രതികള്‍ക്ക് പുറത്തിറങ്ങാനായത്. കേസിലെ മറ്റൊരു പ്രതിയായ സിദ്ദീഖിനെ ഇതുവരെ പിടികൂടാനായിട്ടില്ല. 2020 ജനുവരി 20 നാണ് ഇസ്മായിലിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇസ്മായിലിന്റെ ബന്ധുക്കള്‍ മരണത്തില്‍ സംശയം ഉന്നയിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്നും ആയിശയും കാമുകനായ ഹനീഫയും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കണ്ടെത്തി.
ഹനീഫയുടെ സുഹൃത്തുക്കളായ അറഫാത്തിനും സിദ്ദീഖിനുമാണ് ഇവര്‍ ക്വട്ടേഷന്‍ നല്‍കിയത്. തുടര്‍ന്ന് സംഭവദിവസം രാത്രി വീട്ടിലെത്തിയ ഇരുവരും ഇസ്മായിലിനെ കയര്‍മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന് രണ്ട് ദിവസത്തിനകം മൂന്ന് പേരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ പ്രതികളിൽ ഒരാളെ കണ്ടെത്താനാകാത്തതും കൊവിഡ് പ്രതിരോധ പ്രവർത്തനഭാരവുമാണ് കുറ്റപത്രം നൽകുന്നത് വൈകാൻ കാരണമെന്നാണ് അന്വേഷണ സംഘം നൽകുന്ന വിശദീകരണം. ഉടൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുമെന്നും പൊലീസ് വ്യക്തമാക്കി.