
കൊച്ചി: സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോയും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ ഇത്തരം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നതും വിൽക്കുന്നതുമാണ് കുറ്റകരമെന്നും കോടതി പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഹർജി പരിഗണിച്ചാണ് കോടതി പരാമർശം. 2008 ൽ കൊല്ലം കെഎസ്ആർടിസി സ്റ്റാന്റിൽ ബസ് കാത്ത് നിന്ന യുവതിയെയും യുവാവിനെയും പൊലീസ് പരിശോധിക്കുകയും ഇവരുടെ കൈയ്യിലുണ്ടായിരുന്ന ഡിജിറ്റൽ ക്യാമറ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പിടിച്ചെടുത്ത ക്യാമറ പരിശോധിച്ചപ്പോൾ അതിൽ നിന്നും യുവതിയുടെ ലൈംഗിക സ്വഭാവ ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു. സ്ത്രീയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പേരിൽ യുവാവിനെ ഒന്നാം പ്രതിയും യുവതിയെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാത്തതിനാൽ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി യുവാവും യുവതിയും ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
യുവാവ് തന്റെ പങ്കാളിയാണെന്നും ദൃശ്യങ്ങളടങ്ങിയ ക്യാമറ തന്റെതാണെന്നും യുവതി കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് സ്വന്തം നഗ്നചിത്രങ്ങളും വീഡിയോകളും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് കോടതി പറഞ്ഞത്. എന്നാൽ ഇത്തരത്തിലുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രചരിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. യുവാവിനും യുവതിക്കുമെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ തള്ളികളഞ്ഞ കോടതി ഇവർക്കെതിരെയുള്ള ക്രിമിനൽ കേസും റദ്ദാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam