
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ പിടിയിലായ മരുതോങ്കര സ്വദേശി കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന അധ്യാപിക. കേസിൽ പിടിയിലായ അധ്യാപിക കാവ്യയേയും വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിട്ടു. കേസിൽ കൂടുതൽ അറസ്‌റ്റുണ്ടാകും. വടകര സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നാളെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
കഴിഞ്ഞ വർഷം പേരാമ്പ്രയിൽ നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ സജീവമായി പങ്കെടുത്തിരുന്നു കീർത്തന. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമൊപ്പം സൂംബ ഡാൻസ് കളിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സജീവമായിരുന്ന കായിക അധ്യാപിക എംഡിഎംഎ കേസിൽ പിടിയിലായതിൻ്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. കീർത്തന പിടിയിലായതിന് ശേഷവും കൂരാച്ചുണ്ട് സ്വദേശിയായ കാവ്യ ജോലിക്കെത്തി. അന്നേ കാവ്യയുടെ പെരുമാറ്റത്തിൽ സഹപ്രവർത്തകർക്ക് സംശയം തോന്നിയിരുന്നു. പിടിയിലായതോടെ സംശയം ശരിയാണെന്ന് തെളിഞ്ഞു.
ജില്ലാ പ്രൊജക്ട് ഓഫീസറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കാവ്യയേയും പിരിച്ചു വിട്ടു. കരാർ വേതന വ്യവസ്ഥയിൽ ജോലി ചെയ്തിരുന്നവരാണ് കീർത്തനയും കാവ്യയും. കീർത്തന കായികാധ്യാപിക, കാവ്യ ഓട്ടിസം വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്ന അധ്യാപിക. ഇരുവരുടെയും നിയമനത്തെക്കുറിച്ചും ലഹരി ബന്ധത്തെക്കുറിച്ചും സമഗ്ര അന്വേഷണം വേണമെന്ന് ഭരണപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ ആവ്യപ്പെട്ടു. ബിആർസി ഓഫീസ് ഉപരോധിച്ച് പ്രതിഷേധം നടത്തി. അധ്യാപികമാരുടെ അക്കൗണ്ടിലേക്ക് പണം അയച്ചവർ പൊലീസ് നിരീക്ഷണത്തിലാണ്. ഓപ്പറേഷൻ തൂഫാനിലൂടെ ലഹരിയുടെ സ്രോതസ് കണ്ടെത്താനാണ് പൊലീസ് ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam