
തിരുവനന്തപുരം: വഞ്ചിയൂർ പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. വിശാഖ് ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രദീപ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മിൽ നേരത്തെ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രദീപിനെ ആക്രമിച്ച കേസിൽ മുൻപ് വിശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതിനുശേഷവും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുൻപും ഇവർ തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെ പാൽക്കുളങ്ങരയിൽ വെച്ച് പ്രദീപ് വിശാഖിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ വിശാഖിനെ പിന്നീട് പൊലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട വിശാഖും ആക്രമണം നടത്തിയ പ്രദീപും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി വഞ്ചിയൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി. ആക്രമണം നടത്തിയ പ്രദീപിന് ഒപ്പം മൂന്ന് പേർ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam