
തിരുവനന്തപുരം: അമ്മ മരിച്ച മകളെ അച്ഛൻ നിരന്തരം പീഡിപ്പിച്ചതായി രണ്ടാനമ്മയുടെ പരാതി. പെൺകുട്ടി ചൈൽഡ് ലൈനിന് നൽകിയ പരാതിയെ തുടര്‍ന്ന് ഡപ്യൂട്ടി തഹസിൽദാറായ അച്ഛനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
സംഭവത്തിൽ പ്രതിക്കെതിരെ രണ്ടാനമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി. അച്ഛൻ കുട്ടിയെ നിരന്തരം പീഡിപ്പിക്കുന്നതായി രണ്ടാനമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. മകളെ പീഡനത്തിൽ നിന്ന് രക്ഷിക്കാൻ പത്തും പന്ത്രണ്ടും അടിവസ്ത്രം ധരിപ്പിച്ച് കിടത്തിയതായും രണ്ടാനമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
"പറഞ്ഞിട്ടെന്താ വാപ്പച്ചി കേൾക്കാത്തത് എന്ന് പറഞ്ഞ് കൊച്ച് എന്റെയടുത്ത് വന്ന് കരയും," രണ്ടാനമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. "എനിക്കിഷ്ടമല്ല, വാപ്പച്ചി എന്റെയടുത്ത് കിടക്കുന്നതെന്ന് മകൾ പറഞ്ഞു. എന്നാലും വാപ്പച്ചി മകളുടെ അടുത്ത് തന്നെ കിടന്നു. ഉമ്മച്ചി എനിക്ക് ഉറങ്ങണം ഉമ്മച്ചി വാപ്പച്ചിടെ അടുത്ത് കിടക്കാൻ പേടിയാണെന്ന് മകൾ പറഞ്ഞു. ഞാനെന്ത് ചെയ്യാനാണ്? വേറെ ആരടുത്ത് പറഞ്ഞിട്ടും ഒരു കഥയുമില്ല. അവരുടെ സഹോദരങ്ങളെല്ലാം അവരുടെ സൈഡ്. മോളെ പത്തും പന്ത്രണ്ടും പാന്റീസ് ഇടീച്ചാണ് ഞാൻ കിടത്തിയത്. എന്നിട്ടും മോൾക്ക് പേടിയാണ്. രാത്രീല് ഞെട്ടിയുണര്‍ന്ന് ഉമ്മച്ചീ ഉമ്മച്ചീന്ന് വിളിക്കും. പേടിക്കണ്ട, ഞാനടുത്ത് തന്നെയുണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിക്കും. അങ്ങനെ ഒരു ഭീതിജനകമായ രാത്രികളായിരുന്നു അത്," അവർ പറഞ്ഞു.
"ഒരു ദിവസം സ്കൂളീന്ന് വിളിച്ച ടീച്ചര്‍, മോളെ രാവിലെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുവരണം എന്ന് പറഞ്ഞു. അവിടെ ചെന്നപ്പോൾ ടീച്ചര്‍ കുട്ടിക്ക് എന്തെങ്കിലും വിഷമമുണ്ടോ എന്ന് ചോദിച്ചു. അവൾ കരയുന്നത് കണ്ട് ചോദിച്ചപ്പോൾ വാപ്പയിൽ നിന്ന് മോശമായ അനുഭവം നേരിടുന്നുണ്ടെന്ന് പറഞ്ഞതായി ടീച്ചര്‍ പറഞ്ഞു. കൗൺസിലറെ കാണണമെന്ന് ടീച്ചര്‍ പറഞ്ഞു," രണ്ടാനമ്മ വിശദീകരിച്ചു.
സ്കൂളിൽ തന്നെയുള്ള കൗൺസിലര്‍മാര്‍ കുട്ടിയോട് സംസാരിക്കുകയും ചൈൽഡ്‌ലൈനിനെ വിവരമറിയിക്കുകയുമായിരുന്നു. കുട്ടിയെ ശിശുസംരക്ഷണ സമിതിക്ക് കൈമാറി. അതേസമയം പ്രതിക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. ഇയാൾ ഒളിവിലാണെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam