കുട്ടികൾക്ക് നേരെയുള്ള അതിക്രമം: കനത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതിക്ക് സർക്കാർ

By Web TeamFirst Published Apr 19, 2019, 4:07 PM IST
Highlights

കുട്ടികൾക്ക് നേരെയുളള അതിക്രമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത് തടയാൻ കനത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി കൊണ്ടുവരുന്നത്. 

തിരുവനന്തപുരം: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമം കൊണ്ടുവരാൻ സംസ്ഥാനസർക്കാർ. കുട്ടികളെ ഉപദ്രവിക്കുകയും ദ്രോഹിക്കുകയും ചെയ്താൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള കടുത്ത നടപടികൾ ഉള്ള ശക്തമായ നിയമഭേദഗതിയ്ക്കാണ് സംസ്ഥാന സർക്കാർ ഒരുങ്ങുന്നതെന്ന് കെ കെ ശൈലജ വ്യക്തമാക്കി. 

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് നിലവിൽ രണ്ട് പ്രധാന നിയമങ്ങളാണുള്ളത്. ഒന്ന് 2015-ൽ നിലവിൽ വന്ന ബാലാവകാശ കമ്മീഷന്‍ നിയമം (the commisiion for protection of child right act) ആണ്. രണ്ടാമത്തേത് ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമമായ പോക്‌സോ ആണ്. (The Protection of Child from Sexual Offenses Act). 2012-ലാണ് പോക്‌സോ നിയമം പ്രാബല്യത്തിലായത്. 18 വയസ്സിൽ താഴെയുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ തടയുകയാണ് ഇതിന്‍റെ പ്രധാനലക്ഷ്യം.

ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമഭേദഗതി കൊണ്ടുവരുമെന്ന് സൂചിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്: 'കുട്ടികള്‍ക്ക് നേരെ നടക്കുന്ന ക്രൂരതയ്ക്ക് നേരെ സമൂഹം ഉണരേണ്ട സമയമാണ്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രനിയമമാണ് നിലവിലുള്ളത്. ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമജ്ഞരുമായി ആലോചിച്ച് ഈ നിയമം ഭേദഗതി വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്തരം കേസുകളില്‍ പ്രതികളാക്കപ്പെടുന്നവരുടെ സ്വത്തു കണ്ടു കെട്ടുന്നതടക്കമുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നതാണ്', മന്ത്രി പറയുന്നു. 

click me!