ഭർത്താവിന്റെ അനുമതിയില്ലാതെ ബന്ധുക്കളെ സന്ദ‍ർശിക്കാൻ പോയാൽ ഭാര്യയ്ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ ലഭിക്കുമെന്നും നിയമം

കാബൂൾ: ഗാർഹിക പീഡനം നിയമവിധേയമാക്കി താലിബാൻ. ഭർത്താവിന് ഭാര്യയെ മ‍ർദ്ദിക്കുന്നതിന് നിയമത്തിന്റെ സംരക്ഷണവുമായി താലിബാൻ. എന്നാൽ മർദ്ദനത്തിൽ ഭാര്യയുടെ എല്ലുകൾ ഒടിഞ്ഞാൽ ഭ‍‍ർത്താവിന് 15 ദിവസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് താലിബാന്റെ പുതിയ നിയമം വിശദമാക്കുന്നത്. എന്നാൽ ശരീരം പൂർണമായി മൂടിയ അവസ്ഥയിൽ തന്നെ പരിക്ക് കോടതിയെ ബോധ്യപ്പെടുത്താൻ ഭാര്യയ്ക്ക് സാധിച്ചാൽ മാത്രമാകും ഭർത്താവിന് ശിക്ഷ ലഭിക്കൂവെന്നും പുതിയ നിയമം വിശദമാക്കുന്നത്. ഭർത്താവിന്റെയോ കുടുംബത്തിന്റെ മറ്റ് പുരുഷന്മാരുടേയോ കൂടെ മാത്രമാണ് ഗാർഹിക പീ‍ഡനത്തിനിരയായ സ്ത്രീയ്ക്ക് കോടതിയിലെത്താനാവുക.

ഭർത്താവിന്റെ അനുമതിയില്ലാതെ ബന്ധുക്കളെ സന്ദ‍ർശിക്കാൻ പോയാൽ ഭാര്യയ്ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ ലഭിക്കുമെന്നും നിയമം അനുശാസിക്കുന്നത്. ഭരണഘടനയിലെ പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് അഫ്ഗാൻ സമൂഹത്തെ നാല് വിഭാഗമായാണ് വേർതിരിച്ചിരിക്കുന്നത്. 2009ൽ അമേരിക്കൻ പിന്തുണയിൽ ഭരണഘടനയിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ വരുത്തിയ മാറ്റങ്ങളും താലിബാൻ റദ്ദാക്കിയിട്ടുണ്ട്. പുതിയ നിയമനിർമ്മാണം അനുസരിച്ച് ഒരു പുരുഷൻ സ്ത്രീയെ മർദ്ദിക്കുമ്പോൾ അവൾക്ക് ഗുരുതരമായ പരിക്കുകളോ എല്ലുകൾക്ക് ഒടിവോ സംഭവിക്കുന്നില്ലെങ്കിൽ അതിനെ കുറ്റകരമായി കണക്കാക്കില്ല. സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന താലിബാന്റെ നയങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 

അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് താലിബാന്റെ പുതിയ നിയമം കാരണമായിട്ടുണ്ട്. സ്ത്രീകളെ പൊതുജീവിതത്തിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും നേരത്തെ തന്നെ വിലക്കിയിരുന്ന താലിബാൻ, ഇപ്പോൾ അവരുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള നിയമങ്ങളാണ് നടപ്പിലാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം