
കൊച്ചി: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാളെ പിടികൂടിയതെന്ന് പൊലീസ്. കോംഗോ സ്വദേശി റെംഗാര പോള്‍ (29) എന്നയാളെയാണ് ബംഗളൂരു മടിവാളയില്‍ നിന്ന് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബംഗളൂരു മൈക്കോ പൊലീസിന്റെ സഹകരണത്തോടെയായിരുന്നു അറസ്റ്റ് എന്നും പൊലീസ് അറിയിച്ചു.
'കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എയുമായി വിപിന്‍ എന്നയാളെ അങ്കമാലിയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരൂവില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ രാസലഹരി കടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്. അതിന്റെ തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലേയ്‌ക്കെത്തിയത്. മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന ഇയാള്‍ 2014ലാണ് സ്റ്റുഡന്റ് വിസയില്‍ ബംഗളൂരുവിലെത്തിയത്. പഠിക്കാന്‍ പോകാതെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിഞ്ഞു, രാസലഹരി നിര്‍മ്മിക്കാനും തുടങ്ങി. ഈ നിര്‍മ്മാണത്തെ കുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിലേക്കെത്തുന്ന രാസലഹരിയില്‍ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്നാണ് കരുതുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സംഘം വില്‍പന നടത്തിയിട്ടുള്ളത്. ഫോണ്‍ വഴി ഇയാളെ ബന്ധപ്പെടാന്‍ സാധിക്കില്ല. ഗൂഗിള്‍ പേ വഴി തുക അയച്ചു കൊടുത്താല്‍ മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടു വയ്ക്കും. തുടര്‍ന്ന് ലൊക്കേഷന്‍ മാപ്പ് അയച്ചു കൊടുക്കും. അവിടെപ്പോയി ശേഖരിക്കണം.' ഇതാണ് ഇയാളുടെ രീതിയെന്നും പൊലീസ്് പറഞ്ഞു.
ദിവസങ്ങളോളം പലയിടങ്ങളില്‍ രാപ്പകല്‍ തമ്പടിച്ചാണ് പ്രതിയെ നിരീക്ഷണ വലയത്തിലാക്കി ബംഗളൂരു പൊലീസിന്റെ സഹായത്തോടെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. ഡിവൈ.എസ്.പി എ.പ്രസാദ്, എ.എസ്.പി ട്രെയിനി അഞ്ജലി ഭാവന, ഇന്‍സ്‌പെക്ടര്‍ പി.ലാല്‍ കുമാര്‍, എസ്.ഐ എന്‍.എസ് റോയി, സീനിയര്‍ സിപി ഒമാരായ എം.ആര്‍.മിഥുന്‍, കെ.ആര്‍ മഹേഷ്, സി പി ഒമാരായ അജിത തിലകന്‍, എബി സുരേന്ദ്രന്‍, ഡാന്‍സാഫ് ടീം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി കഴിഞ്ഞ 6 മാസത്തിനുള്ളില്‍ 745 എന്‍.ഡി.പി.എസ് കേസുകളാണ് റൂറല്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam